images (30)

സംസ്ഥാനത്ത് മൂന്നു വർഷവും 10 മാസവുംകൊണ്ട് 149 പാലങ്ങൾ പൂർത്തിയാക്കാനായതായി പൊതുമരാമത്ത്, വിനോദസഞ്ചാരവകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കായംകുളം മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ 5.25 കോടി രൂപയും സംസ്ഥാന ബജറ്റിൽ അനുവദിച്ച 16.57 കോടി രൂപയും വിനിയോഗിച്ച് പൂർത്തീകരിച്ചതും നിർമ്മാണം ആരംഭിക്കുന്നതുമായ 35 റോഡുകളുടെ ഉദ്ഘാടനം ദേവികുളങ്ങര ചൂളൂർ ജാൻസ് സ്കൂൾ മൈതാനത്ത് നടന്ന ചടങ്ങിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 50 ശതമാനം റോഡുകളും ബി എം ആൻഡ് ബി സി നിലവാരത്തിൽ നിർമ്മിക്കണമെന്നതായിരുന്നു 2021ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വരുമ്പോഴുള്ള ലക്ഷ്യം. നാലുവർഷം പൂർത്തീകരിച്ചപ്പോൾതന്നെ സംസ്ഥാനത്തെ 60 ശതമാനം റോഡുകളും ഈ നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു. കായംകുളം മണ്ഡലത്തിൽ പത്ത് പാലങ്ങളും 40 പുതിയ കെട്ടിടങ്ങളും ഒരു റസ്റ്റ് ഹൗസും നിർമ്മിക്കാനായത് വലിയ നേട്ടമാണ്. കേരളത്തിലെ എല്ലാ റെസ്റ്റ് ഹൗസുകളിൽനിന്നുമായി 2025 നവംബറോടെ 30 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിക്കുക. കേരളത്തിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കുന്നത് സർക്കാർ സംവിധാനങ്ങൾ സുതാര്യമായി ചലിക്കുന്നതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ യു പ്രതിഭ എംഎൽഎ അധ്യക്ഷയായി. കായംകുളം നഗരസഭാധ്യക്ഷ പി ശശികല, ഉപാധ്യക്ഷൻ ജെ ആദർശ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി ടീച്ചർ, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് പവനനാഥൻ, ശ്രീഹരി കോട്ടീരേത്ത്, എൽ ഉഷ, തയ്യിൽ പ്രസന്ന കുമാരി, വൈസ് പ്രസിഡന്റുമാരായ മനു ചെല്ലപ്പൻ, സുരേഷ് രാമനാമഠം, ശ്രീലത ശശി, നഗരസഭാഗം ടി രഞ്ജിതം, വിവിധ പഞ്ചായത്തംഗങ്ങളായ രജനി ബിജു, ലീന, ഷാനി കുരുമ്പോലിൽ, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ റിജോ തോമസ് മാത്യു, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *