തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാടും കൊല്ലത്തുമാണ് നിലവിൽ ഔദ്യോഗികമായി ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരുകയും, സാധാരണ താപനിലയെക്കാൾ 4.5 ഡിഗ്രിയിലധികം വ്യത്യാസം രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഉഷ്ണതരംഗ സാധ്യതയെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് 12.30ന് ശേഷം കൊല്ലം, പാലക്കാട് ജില്ലകളിൽ ‘കവചം (KaWaCHaM)’ മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുമെന്നും അധികൃതർ അറിയിച്ചു. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മറ്റ് ജില്ലകളിലും ഈ മുന്നറിയിപ്പ് സംവിധാനം പ്രവർത്തിപ്പിക്കപ്പെടും.
സംസ്ഥാനമാകെ ചൂട് കുത്തനെ ഉയർന്നിരിക്കുന്നതിനാൽ കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. തീരദേശ സംസ്ഥാനമായ കേരളത്തിൽ അന്തരീക്ഷത്തിലെ ഈർപ്പം കൂടുതലായതിനാൽ അനുഭവപ്പെടുന്ന ചൂട് (താപസൂചിക) രേഖപ്പെടുത്തിയ താപനിലയെക്കാൾ കൂടുതലായിരിക്കും. ഈ സാഹചര്യങ്ങൾ രണ്ട് ദിവസത്തോളം തുടർന്നാൽ മാത്രമാണ് ഔദ്യോഗികമായി ഉഷ്ണതരംഗം സ്ഥിരീകരിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
