സ്ത്രീകളില്‍ സംരംഭകത്വം വളര്‍ത്തുന്നതില്‍ കുടുംബശ്രീയുടെ പങ്ക് നിര്‍ണായകമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ഓടനാവട്ടത്ത് കുടുംബശ്രീ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീയുടെ സ്വയംസഹായസംഘങ്ങളിലൂടെ വായ്പ ലഭ്യമാക്കി അംഗങ്ങള്‍ക്ക് വരുമാനദായകമായ വിവിധ സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞു. ബജറ്റില്‍ 180 കോടി രൂപ കുടുംബശ്രീക്കായി വകയിരുത്തി. കാര്‍ഷിക-വ്യാവസായിക മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നൂതന കുടുംബശ്രീ സംരംഭങ്ങള്‍ക്ക് 22.5 കോടി രൂപ സാമ്പത്തിക സഹായമായി നല്‍കും. സാങ്കേതിക മേഖലകളില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷൈലജ അനില്‍കുമാര്‍ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീപ് കുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ വിഷ്ണു രവീന്ദ്രന്‍, ജയന്തി മധു, മനോജ, വത്സമ്മ തോമസ്, സുന്ദരന്‍, പ്രമോദ്, ഇന്ദിര, സി ഡി എസ്-എ ഡി എസ്- അയല്‍ക്കൂട്ട അംഗങ്ങള്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഷിമിത, അഗ്രി സി ആര്‍ പി മിനി ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
