ജനുവരി 11-ന് ആരംഭിക്കുന്ന ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നിന്നും വ്യത്യസ്തമായി മികച്ച ഫോമിലുള്ള ചില യുവതാരങ്ങളെയും സീനിയർ താരങ്ങളെയും ടീമിലേക്ക് തിരികെ എത്തിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.
ആരാധകർ കാത്തിരിക്കുന്നത് ഷമിക്കായി
ഏറെക്കാലമായി ഇന്ത്യൻ ടീമിന് പുറത്തായിരുന്ന പേസർ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര ടൂർണമെന്റുകളിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഷമി പൂർണ്ണ കായികക്ഷമത വീണ്ടെടുത്തതായാണ് റിപ്പോർട്ടുകൾ. ഷമിക്കൊപ്പം ഇഷാൻ കിഷൻ, സർഫറാസ് ഖാൻ, ദേവ്ദത്ത് പടിക്കൽ എന്നിവരെയും ഏകദിന സ്ക്വാഡിലേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്.
മത്സര ക്രമം ഇങ്ങനെ
മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ടി20 പരമ്പരയ്ക്കുള്ള ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഒന്നാം ഏകദിനം: ജനുവരി 11 – വഡോദര
രണ്ടാം ഏകദിനം: ജനുവരി 14 – രാജ്കോട്ട്
മൂന്നാം ഏകദിനം: ജനുവരി 18 – ഇൻഡോർ
സന്ദർശകരായ ന്യൂസിലാൻഡ് തങ്ങളുടെ ഏകദിന, ടി20 ടീമുകളെ നേരത്തെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യൻ ടീമിൽ ആരെല്ലാം ഇടംപിടിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
