കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കുട്ടികളുടെ മസ്തിഷ്‌ക വികസനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൊച്ചി അമൃത ആശുപത്രി, ദേശീയ സെമിനാർ സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശിശുരോഗ വിദഗ്ധർ പങ്കെടുത്ത പരിപാടിയിൽ, കുട്ടികളുടെ ജീവൻ രക്ഷ മാത്രമല്ല, അവർ എങ്ങനെ വളരുന്നു, പഠിക്കുന്നു, ദൈനംദിന ജീവിതം കൈകാര്യം ചെയ്യുന്നു എന്നതിലേക്കും ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. കോൺജെനിറ്റൽ ഹൃദയരോഗമുള്ള (CHD) കുട്ടികളിൽ ശ്രദ്ധ, അഡാപ്റ്റീവ് സ്കിൽസ് തുടങ്ങിയ മേഖലകളിൽ പ്രത്യേകമായ ന്യൂറോ-ഡെവലപ്മെന്റൽ വെല്ലുവിളികൾ കാണപ്പെടുന്നുവെന്നും, കുട്ടി വളരുന്നതിനൊപ്പം ഇവ കൂടുതൽ വ്യക്തമായി പ്രകടമാകുന്നതാണെന്നും വിദഗ്ധർ വ്യക്തമാക്കി.
പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന്റെ കീഴിലുള്ള ‘പ്രോജക്ട് മേധ’ യുടെ ആഭിമുഖ്യത്തിൽ മാർച്ച് 28-ന് നടന്ന പരിപാടി അമൃത വിശ്വവിദ്യാപീഠo റിസർച്ച് ഡീൻ ഡോ. ഡി.എം. വാസുദേവൻ ഉദ്ഘാടനം ചെയ്തു. യു.കെയിലെ റോയൽ ഹോസ്പിറ്റൽ ഫോർ സിക്ക് ചിൽഡ്രനിലെ ഡോ. കിർസ്റ്റൻ വെരിറ്റി, തിരുവനന്തപുരം CDC ഡയറക്ടർ ഡോ. ദീപ ഭാസ്കരൻ, ഭാരത സർക്കാർ RBSK മുൻ ദേശീയ ഉപദേഷ്ടാവ് ഡോ. അരുണ്‍ സിംഗ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ സോഷ്യൽ സയൻസ് വിഭാഗം ഡീൻ ഡോ. ജയശങ്കര റെഡ്ഡി എന്നിവർ പങ്കെടുത്തു. പഠനം, എക്സിക്യൂട്ടീവ് സ്കിൽസ്, അഡാപ്റ്റീവ് പെരുമാറ്റം എന്നിവയ്ക്ക് പ്രാധാന്യം നൽകുകയും പ്രാരംഭ അസസ്‌മെന്റും തുടർച്ചയായ ഫോളോ-അപ്പും നിർണായകമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ബാംഗ്ലൂരിലെ പ്രേംജി ഇൻവെസ്റ്റ് സാമ്പത്തിക പിന്തുണ നൽകുന്ന CSR പദ്ധതിയായ പ്രോജക്ട് മേധയുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. കോൺജെനിറ്റൽ ഹൃദയരോഗമുള്ള കുട്ടികളുടെ ന്യൂറോ-ഡെവലപ്മെന്റൽ പരിചരണവും ചികിത്സാഫലങ്ങളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രവർത്തിക്കുന്നത്. കാർഡിയാക് പരിചരണത്തിന്റെ തുടർച്ചയായ ഘട്ടങ്ങളിലുടനീളം ന്യൂറോ-ഡെവലപ്മെന്റൽ അസസ്‌മെന്റ് സാധാരണ പ്രാക്ടീസായി ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചർച്ചകളിൽ ഊന്നിപ്പറഞ്ഞു.
കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. ആർ. കൃഷ്ണകുമാറും പീഡിയാട്രിക്സ് വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. മനു രാജും നേതൃത്വം നൽകിയ ഈ പ്രവർത്തനത്തിന് പ്രോജക്ട് മേധയുടെ നാഷണൽ കോർഡിനേറ്റർ മിസ് സോനം മനോജ് ആശയരൂപീകരണ പിന്തുണ നൽകി. ന്യൂറോഡെവലപ്മെന്റൽ & കോഗ്നിറ്റീവ് കെയർ യൂണിറ്റിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യയിൽ ഇത്തരം വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന സെമിനാറുകളിൽ ഒന്നായ ഈ പരിപാടി, ഹൃദയരോഗമുള്ള കുട്ടികൾക്ക് ജീവൻ രക്ഷിക്കുന്നത് മാത്രമല്ല, അവരുടെ ദൈനംദിന ജീവിതത്തിൽ മികച്ച രീതിയിൽ മുന്നേറാൻ സഹായിക്കുന്ന പരിചരണ രീതികൾ രൂപപ്പെടുത്തുന്നതിന് വഴിയൊരുക്കുന്നതാണ്.
