ശബരിമല സ്വർണ്ണ മോഷണ കേസിൽ അന്വേഷണം കൂടുതൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരിലേക്ക് വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) തീരുമാനിച്ചു. ഇതിന്റെ ഭാഗമായി, 2019-ലെ ദേവസ്വം ബോർഡ് സെക്രട്ടറിയായിരുന്ന ജയശ്രീക്ക് എസ്.ഐ.ടി. നോട്ടീസ് അയച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ ചികിത്സയിലായതിനാൽ എപ്പോൾ ഹാജരാകാൻ സാധിക്കുമെന്ന് വ്യക്തമാക്കണമെന്നാണ് നിർദ്ദേശം. ഇതിനു പുറമേ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ, തിരുവാഭരണ കമ്മീഷണർമാർ എന്നിവരിൽ നിന്നും എസ്.ഐ.ടി. സമാന്തരമായി മൊഴികൾ ശേഖരിക്കുന്നുണ്ട്.
കട്ടിളപ്പാളി കേസിൽ കസ്റ്റഡിയിൽ ലഭിച്ച മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഇന്ന് പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. പോറ്റിക്കെതിരെ കൂടുതൽ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി എസ്.ഐ.ടി. കസ്റ്റഡി റിപ്പോർട്ടിൽ വ്യക്തമാക്കി. പോറ്റി മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും, കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞിരുന്നത് ഇദ്ദേഹത്തിന് അറിയാമായിരുന്നെന്നും കണ്ടെത്തി. പാളികൾ ചെന്നൈയിൽ എത്തിച്ചാണ് സ്വർണ്ണം വേർതിരിച്ചതെന്നും, ഉണ്ണിക്കൃഷ്ണൻ പോറ്റി നടത്തിയത് വിശ്വാസ വഞ്ചനയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു
