കൊല്ലം: തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യത്തെ എതിർത്ത് എസ്‌ഐടി കൊല്ലം വിജിലൻസ് കോടതിയിൽ. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിക്കെതിരെ എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും എല്ലാം നടന്നത് തന്ത്രിയുടെ അനുവാദത്തോടെയാണെന്നും എസ്‌ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അതുപോലെ തന്ത്രിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ല. സുപ്രീംകോടതിയുടെ മാർഗനിർദേശ പ്രകാരമുള്ള ചികിത്സ നിലവിൽ തന്ത്രിക്ക് നൽകുന്നുണ്ടെന്നും എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പെടെയാണ് എസ്‌ഐടി കോടതിയിൽ സമർപ്പിച്ചത്.
തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം വിജിലൻസ് കോടതി എസ്‌ഐടിക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ടിലാണ് തന്ത്രിക്കെതിരായ ഗുരുതര പരാമർശങ്ങൾ ആവർത്തിച്ചത്. തന്ത്രിക്ക് ജാമ്യം നൽകരുതെന്നും ജാമ്യം നൽകിയാൽ കേസിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അന്വേഷണ ഉദ്യാഗസ്ഥർ കോടതിയെ അറിയിച്ചു. പല നീക്കുപോക്കുകൾക്കുമായി തന്ത്രി ഒപ്പിട്ട രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കട്ടിളപ്പാളി, ദ്വാരപാലക പാളി കേസുകളിൽ തന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി തിങ്കളാഴ്ച്ച പരിഗണിക്കുന്നതിനിടെയാണ് എസ്ഐടിയുടെ നീക്കം. എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ട് കണക്കിലെടുത്താൽ തന്ത്രിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. കേസിൽ തന്ത്രിക്ക് സ്വാഭാവിക ജാമ്യം ലഭിക്കണമെങ്കിൽ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടതുണ്ട്.
