തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പങ്കാളിത്തമില്ലാതെ തന്ത്രിയെ ജയിലിലിട്ടത് എന്തിനാണെന്ന് എസ്.ഐ.ടി വ്യക്തമാക്കണമെന്ന് വി.ഡി സതീശൻ. തന്ത്രിയുടെ ജാമ്യ ഉത്തരവിലെ പരാമർശങ്ങൾ ഉയർത്തിയായിരുന്നു വി.ഡി സതീശന്റെ വിമർശനം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിയെ ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകൾ ഇല്ലെന്നാണ് കണ്ഠരര് രാജീവർക്ക് ജാമ്യം നൽകിയുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കിയത്.
ഇടതുനേതാക്കളിലേക്ക് അന്വേഷണം എത്തിയപ്പോൾ അതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും വി.ഡി സതീശൻ ആരോപിച്ചു. തന്ത്രി കണ്ഠരര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശബരിമല സ്വർണ്ണക്കൊള്ളയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഈ ഘട്ടത്തിൽ തെളിവുകൾ ഇല്ലെന്നാണ് കോടതി പറഞ്ഞത്. തന്ത്രിക്ക് താന്ത്രിക അധികാരം മാത്രമാണ് ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. തന്ത്രിയുടെ ആരോഗ്യസ്ഥിതിയും കൂടി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശിൽപ മോഷണക്കേസ് എന്നിവയിലാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്.
