SABARIMALA-2-680x450.jpg (1)

ശബരിമല സ്വർണ കവർച്ചാ കേസിൽ ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ നിലപാട് കടുപ്പിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ആവശ്യപ്പെട്ട രേഖകൾ നൽകാൻ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്ഐടി മുന്നറിയിപ്പ് നൽകി. ഇനി സാവകാശം നൽകാനാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 1999-ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട വിശദമായ രേഖകളും, ശബരിമലയിലെ മരാമത്ത് രേഖകൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങളും ഉടൻ ലഭ്യമാക്കണമെന്നാണ് എസ്ഐടിയുടെ ആവശ്യം.

സ്വർണ കവർച്ചാ കേസിൽ റിമാൻഡിൽ കഴിയുന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ ലഭിക്കുന്നതിനായി എസ്ഐടി കോടതിയിൽ അപേക്ഷ സമർപ്പിക്കും. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കേസിലെ ഗൂഢാലോചന ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഒക്ടോബർ 30-ന് അവസാനിക്കും.

 

അതേസമയം ശബരിമല പഴയ കൊടിമരത്തിലെ ‘വാജി വാഹനം’ തിരികെയെടുക്കണമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം ശബരിമല എക്സിക്യൂട്ടീവ് ഓഫീസറും പരിഗണിച്ചില്ല. ഈ വിഷയത്തിൽ ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ സാധിക്കില്ലെന്ന് എക്സിക്യൂട്ടീവ് ഓഫീസർ വ്യക്തമാക്കി, തീരുമാനം ദേവസ്വം ബോർഡിന് വിട്ടു. നാളത്തെ ദേവസ്വം ബോർഡ് യോഗം വിഷയം ചർച്ച ചെയ്തേക്കും.

2017-ൽ പുതിയ കൊടിമരം സ്ഥാപിച്ചപ്പോൾ ആചാരപ്രകാരം പഴയ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് കൈമാറിയിരുന്നു. ഇത് തൻ്റെ പക്കൽ നിന്ന് തിരികെ വാങ്ങണമെന്നാവശ്യപ്പെട്ട് തന്ത്രി എക്സിക്യൂട്ടീവ് ഓഫീസർക്ക് കത്ത് നൽകിയിരുന്നു. വാജി വാഹനം തന്ത്രിയുടെ കൈവശം വെച്ചിരിക്കുന്നത് സംബന്ധിച്ച് ചില ഹൈന്ദവ സംഘടനകൾ പ്രതിഷേധം പ്രഖ്യാപിക്കുകയും രാജീവരുടെ വീടിന് മുന്നിലേക്ക് മാർച്ച് നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് തന്ത്രിയുടെ ഈ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *