Home » Blog » Top News » ശബരിമല തീർത്ഥാടകർക്കായി സിയാൽ ഒരുക്കിയ ഇടത്താവള സൗകര്യം ഉപയോഗപ്പെടുത്തിയത് 11,000-ത്തോളം പേർ
Sabarimala_CIAL

ശബരിമല തീർത്ഥാടകർക്കായി സിയാൽ ഒരുക്കിയ ഇടത്താവള സൗകര്യം ഉപയോഗപ്പെടുത്തിയത് 11,000-ത്തോളം പേർ. ദർശനത്തിനായി വിമാനമാർഗം കൊച്ചിയിലെത്തിയ തീർത്ഥാടകരാണ് സിയാൽ പ്രത്യേകം ഒരുക്കിയ ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്. തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പുറമെ, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരും സൗകര്യം ഉപയോഗപ്പെടുത്തി.

കൊച്ചി വിമാനത്താവളത്തിലെത്തുന്ന ശബരിമല തീർത്ഥാടകരുടെ യാത്ര കൂടുതൽ സൗകര്യപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടത്താവളമൊരുക്കിയത്. ആഭ്യന്തര ആഗമന ടെർമിനലിന് സമീപമുള്ള പോലീസ് എയ്ഡ് പോസ്റ്റിന്നടുത്ത് 5,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഇടത്താവളം സജ്ജീകരിച്ചിരുന്നത്. ഇടത്താവളത്തിനുള്ളിൽ തന്നെ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റം, ഫുഡ് കൗണ്ടർ, പ്രീപെയ്ഡ് ടാക്സി കൗണ്ടർ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഹെൽപ്പ് ഡെസ്ക് എന്നിവ ഒരുക്കിയിരുന്നു. ഇതിന് പുറമേ കുറഞ്ഞ ചെലവിൽ താമസസൗകര്യം ലഭ്യമാക്കുന്ന 0484 എയ്റോ ലോഞ്ച് സംവിധാനവും തീർത്ഥാടകർ വലിയ തോതിൽ ഉപയോഗപ്പെടുത്തി.

ശബരിമല യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് ദിവസേന പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസും പ്രവർത്തിച്ചിരുന്നു. തീർത്ഥാടകരുടെ എണ്ണത്തിനനുസരിച്ച് ചാർട്ടേർഡ് ബസ് സർവീസും അനുവദിച്ചിരുന്നു. ഡിസംബർ മാസത്തിൽ രാജ്യത്താകമാനം വിമാന സർവീസുകൾ പ്രതിസന്ധി നേരിട്ട സാഹചര്യത്തിൽ സിയാലിലെ ശബരിമല ഇടത്താവളം ഏറെ സഹായകരമായിരുന്നതായി തീർത്ഥാടകർ പറഞ്ഞു.

/**for adding 05-02-2026*/