തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശന നീക്കം തടഞ്ഞതിലുള്ള പ്രതികാരമാണ് സ്വർണ്ണക്കൊള്ളക്കേസിൽ തന്നെ അറസ്റ്റ് ചെയ്യാൻ കാരണമെന്ന് തന്ത്രി കണ്ഠര് രാജീവര്. ശബരിമലയെ എല്ലാ ദിവസവും തുറക്കുന്ന ഒരു ക്ഷേത്രമാക്കി മാറ്റാനുള്ള സർക്കാർ നീക്കത്തെയും താൻ എതിർത്തിരുന്നുവെന്നും തന്ത്രി പറയുന്നു. ജാമ്യാപേക്ഷയിലാണ് തന്ത്രിയുടെ ഗുരുതര ആരോപണം. അതേസമയം, കേസിൽ തന്ത്രിക്കെതിരേ തെളിവുകളൊന്നും ഹാജരാക്കാൻ പ്രത്യേക അന്വേഷണസംഘത്തിനായില്ലെന്നും കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യവിധിയിൽ വ്യക്തമാക്കുന്നു.
സ്വർണപ്പാളികളടക്കമുള്ളവ സൂക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണെന്നും ആചാരപരമായ കാര്യങ്ങളാണ് തന്ത്രിയുടെ ചുമതലയിൽ വരുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമായ ആരോപണങ്ങളാണ് തന്ത്രി ജാമ്യാപേക്ഷയിൽ പറയുന്നത്. തനിക്കെതിരേയുള്ള പ്രതികാര നടപടിയാണ് അറസ്റ്റെന്നാണ് തന്ത്രിയുടെ പ്രധാന വാദം. ഭരിക്കുന്ന പാർട്ടിയെ പ്രീതിപ്പെടുത്താനായി ചില പോലീസ് ഉദ്യോഗസ്ഥർ ശബരിമലയിൽ യുവതികളെ കയറ്റാൻ ശ്രമിച്ചെന്നും അത് താൻ തടഞ്ഞെന്നും തന്ത്രി പറയുന്നു.
ക്ഷേത്ര കാര്യങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾ അനുവദിക്കില്ലെന്ന് താൻ വ്യക്തമാക്കിയിരുന്നു. യുവതീ പ്രവേശനത്തിന് ശ്രമങ്ങളുണ്ടായപ്പോൾ, പൂജകൾ നിർത്തിവെക്കുമെന്നും ക്ഷേത്രത്തിന് പുറത്തുവരുമെന്നും താൻ മുന്നറിയിപ്പ് നൽകിയിരുന്നു. മാത്രമല്ല, ശബരിമലയെ എല്ലാ ദിവസവും തുറക്കുന്ന ഒരു ക്ഷേത്രമാക്കി മാറ്റാൻ സർക്കാർ ആലോചിച്ചു. ആ ശ്രമവും താൻ വിഫലമാക്കിയതായി തന്ത്രി അവകാശപ്പെടുന്നു. ഇക്കാരണങ്ങളാണ് പ്രതികാരനടപടിയെടുക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കൂടാതെ എസ്‌ഐടിക്കെതിരേയും തന്ത്രി ആരോപണങ്ങളുന്നയിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കൊണ്ടുവന്നത് താനാണെന്ന് വരുത്താൻ ചില കാര്യങ്ങൾ എസ്‌ഐടി മറച്ചുവെച്ചെന്നും വാദമുയർത്തി. പോറ്റിയുടെ ബന്ധുക്കൾ ശബരിമലയിൽ ജോലി ചെയ്തിരുന്നുവെന്നും അത് മറച്ചുവെച്ചെന്നും തന്ത്രി ആരോപിക്കുന്നു. തന്നിലൂടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെത്തിയെന്ന വാദങ്ങൾക്ക് ബലം കിട്ടാനാണ് ഇക്കാര്യങ്ങൾ മറച്ചുവെച്ചതെന്നുമാണ് വാദം. തന്ത്രിയുടെ പദവി എന്നത് ക്ഷേത്രത്തിലെ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, പൂജകൾ എന്നിവയിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നുവെന്നും ക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങളിലോ സ്വത്തുക്കളുടെ പരിപാലനത്തിലോ തനിക്ക് യാതൊരു നിയമപരമായ അധികരവുമില്ലെന്നും തന്ത്രി പറയുന്നു.
