തമിഴ് സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ട് നടൻ വിജയ്‌യുടെ അവസാന ചിത്രം ‘ജനനായകൻ’ ഓൺലൈനിൽ ചോർന്നു. സെൻസർ ബോർഡിന്റെ പ്രദർശനാനുമതി കാത്തിരിക്കെയാണ് ചിത്രത്തിന്റെ നിർണ്ണായക ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ടെസ്റ്റ് സ്ക്രീനിങ്ങിനിടെ ലാപ്‌ടോപ്പിൽ നിന്നും പകർത്തിയ അഞ്ചര മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നത്. വിജയ്‌യുടെ മാസ് ഇൻട്രോ സീൻ, ടൈറ്റിൽ കാർഡ്, ‘ദളപതി കച്ചേരി’ എന്ന ഗാനരംഗം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ചിത്രത്തിലെ ചില പ്രധാന കാമിയോ വേഷങ്ങൾ വെളിപ്പെടുത്തുന്ന സീനുകളും ചോർന്നവയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എക്സ്, ഇൻസ്റ്റഗ്രാം, റെഡ്ഡിറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിനിമയുടെ മുഴുവൻ ഭാഗങ്ങളും ചോർന്നതായി ചിലർ അവകാശപ്പെടുന്നുണ്ടെങ്കിലും നിർമ്മാതാക്കളുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ചിത്രത്തിന്റെ റിലീസിനെ ബാധിക്കുന്ന തരത്തിലുള്ള ഈ കടന്നുകയറ്റം വലിയ ആശങ്കയാണ് സിനിമാ വൃത്തങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നത്.
പൂർണ്ണസമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപുള്ള വിജയ്‌യുടെ അവസാന സിനിമയായതിനാൽ ‘ജനനായകൻ’ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, മമിത ബൈജു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം സെൻസർ ബോർഡ് അനുമതി വൈകിയതിനെ തുടർന്ന് അനിശ്ചിതത്വത്തിലായിരുന്നു. റിലീസിനായി കോടതിയെ സമീപിച്ചിട്ടും അനുകൂല വിധി ലഭിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോൾ സിനിമയുടെ ഭാഗങ്ങൾ കൂടി ചോർന്നിരിക്കുന്നത്.
