യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത ആഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയിലെ ഏഷ്യ – പസഫിക് ഉച്ചക്കോടി (Asia‑Pacific Economic Cooperation 2025) സമ്മേളനത്തിനിടെയാണ് ഇരു നേതാക്കളും നേരിട്ട് സംസാരിക്കുക. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരസംഘർഷത്തിനിടെ നടക്കുന്ന ഈ കൂടിക്കാഴ്ച്ചക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വെള്ളിയാഴ്ച രാത്രി മലേഷ്യയിലേക്ക് പുറപ്പെടുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. തുടർന്ന് ജപ്പാൻ, ദക്ഷിണ കൊറിയ സന്ദർശിക്കുമെന്നും അവർ വ്യക്തമാക്കി. ദക്ഷിണ കൊറിയയിൽ ഏഷ്യ – പസഫിക് ഉച്ചക്കോടിയെ അഭിസംബോധന ചെയ്തതിനുശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നും കരോലിൻ അറിയിച്ചു.
ഒക്ടോബർ ആദ്യവാരം പൊട്ടിപുറപ്പെട്ട യുഎസ് – ചൈന വ്യാപാര യുദ്ധത്തെ തുടർന്ന്, ചൈനയ്ക്കു മേൽ തീരുവ നടപടികളുണ്ടാകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ചൈനയുമായി വ്യാപാര കരാറിനുള്ള സാധ്യതകൾ അടുത്തിടെയായി കാണപ്പെടുകയും ചെയ്തിരുന്നു.
