പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിമുടി മാറ്റം വരുത്തിയ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 58 ലക്ഷത്തിലധികം വോട്ടർമാർ പുറത്തായി. 2025-ലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരുന്ന 58,20,898 പേരെയാണ് കമ്മീഷൻ നീക്കം ചെയ്തിരിക്കുന്നത്. എൻ.യു.മറേഷൻ ഫോമുകൾ തിരികെ ലഭിക്കാത്തതും മതിയായ രേഖകളുടെ അഭാവവുമാണ് പേരുകൾ നീക്കം ചെയ്യാൻ കാരണമായി കമ്മീഷൻ വിശദീകരിക്കുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് കരട് പട്ടിക പുറത്തിറക്കിയത്.
പുറത്താക്കിയ വോട്ടർമാരുടെ എണ്ണത്തെക്കുറിച്ച് കമ്മീഷൻ വിശദീകരണം നൽകുന്നുണ്ട്. 24 ലക്ഷം പേർ മരണപ്പെട്ടതായും 19 ലക്ഷം പേർ താമസം മാറിയതായും 12 ലക്ഷം പേരെ കണ്ടെത്താൻ സാധിച്ചില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. കൂടാതെ 1.3 ലക്ഷം ഇരട്ട വോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. നിലവിലെ കരട് പട്ടിക പ്രകാരം സംസ്ഥാനത്ത് 70,819,631 വോട്ടർമാരാണുള്ളത്. അർഹരായ പലരും പട്ടികയിൽ നിന്ന് പുറത്തായെന്ന് ആക്ഷേപമുയരുന്നുണ്ട്. കരട് പട്ടിക സംബന്ധിച്ച പരാതികൾ പരിഗണിച്ച് ഫെബ്രുവരി 16-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. കരട് പട്ടിക പുറത്തുവന്നതോടെ എസ്.ഐ.ആർ. നടപടിക്കെതിരായ പ്രതിഷേധം ശക്തമാക്കാനാണ് മമത സർക്കാരിൻ്റെ നീക്കം.
