പാലക്കാട് ബിജെപി സ്ഥാനാർത്ഥിക്കെതിരെ ഉയർന്ന ‘വോട്ടിന് നോട്ട്’ ആരോപണം തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ ഗുണം ചെയ്യുമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യൻ മാതൃകയിൽ കൃത്യമായ ആസൂത്രണത്തോടെയാണ് ബിജെപി പണം വിതരണം ചെയ്തതെന്നും അവസാന നിമിഷം വോട്ടർമാർ ഇവരുടെ യഥാർത്ഥ മുഖം തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേരത്തെ പ്രതീക്ഷിച്ചിരുന്ന 15,000 വോട്ടിന്റെ ഭൂരിപക്ഷം നിലവിലെ സാഹചര്യത്തിൽ വലിയ തോതിൽ വർദ്ധിക്കുമെന്നും, സിപിഎം-ബിജെപി ഡീൽ വോട്ടെടുപ്പിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിക്കെതിരായ കേസുകളിൽ സർക്കാർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും ശബരിമല സ്വർണ്ണക്കടത്ത് വിഷയത്തിൽ ബിജെപി പുലർത്തുന്ന നിശബ്ദത ഈ ഡീലിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. രാവിലെ 10:30 ഓടെ തന്നെ പോളിംഗ് 20 ശതമാനം പിന്നിട്ടത് വോട്ടർമാരുടെ ആവേശം വ്യക്തമാക്കുന്നു. നഗര-ഗ്രാമ ഭേദമന്യേ എല്ലാ ബൂത്തുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത്തവണ പോളിംഗ് 80 ശതമാനത്തിന് മുകളിൽ പോകുമെന്നാണ് പ്രാഥമിക സൂചനകൾ. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിൽ 2.71 കോടി വോട്ടർമാരാണ് 883 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കാൻ ഇന്ന് പോളിംഗ് സ്റ്റേഷനുകളിലെത്തുന്നത്.
