Home » Blog » kerala Max » വോട്ടിങ് കേന്ദ്രങ്ങളിൽ ഇനി ഹരിത വിപ്ലവം; മൊബൈൽ സൂക്ഷിക്കാൻ പഴയ തുണികൾ കൊണ്ട് പൗച്ചുകൾ
IMG_20260325_185054

തിരഞ്ഞെടുപ്പ് വരാനിരിക്കെ വേറിട്ട ഹരിത മാതൃകയുമായി എറണാകുളം ജില്ലാ ഭരണകൂടം. വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന തുണികൾ ശേഖരിച്ച് പോളിങ് ബൂത്തുകളിൽ മൊബൈൽ ഫോണുകൾ സൂക്ഷിക്കാനുള്ള ‘ഹരിത മൊബൈൽ കീപ്പിംഗ് പൗച്ച്’ ആക്കി മാറ്റുന്ന പദ്ധതിക്ക് ഇന്ന് (മാർച്ച് 24) തുടക്കം കുറിക്കും. ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുമായി സഹകരിച്ചാണ് ഈ പുതിയ ഉദ്യമം.

​വോട്ടർമാർക്ക് ബൂത്തിനകത്തേക്ക് മൊബൈൽ ഫോൺ കൊണ്ടുപോകാൻ അനുവാദമില്ലാത്ത സാഹചര്യത്തിൽ, ഫോണുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ പ്ലാസ്റ്റിക് കവറുകൾക്ക് പകരം പഴയ തുണികൾ പുനരുപയോഗിച്ച് ‘ഹരിത മൊബൈൽ ഫോൺ കീപ്പിങ് പൗച്ചുകൾ’ നിർമ്മിക്കുകയാണ് ലക്ഷ്യം.

കേരളത്തിലെ എല്ലാ തിരഞ്ഞെടുപ്പുകളും ഹരിത ചട്ടങ്ങൾ പാലിച്ചാണ് നടക്കുന്നത്. ഇത്തവണ പരിസ്ഥിതി സൗഹാർദ മൊബൈൽ കീപ്പിങ് പൗച്ചുകൾ കൂടാതെ തിരഞ്ഞെടുപ്പിന് ശേഷം അവശേഷിക്കുന്ന മാലിന്യങ്ങളിൽ നിന്ന് വിവിധ രീതിയിലുള്ള സ്മരണികകൾ നിർമ്മിക്കാനും ലക്ഷ്യമിടുന്നതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു.

‘വാർഡ്രോബിൽ ഐഡിൽ, പോളിങ് ബൂത്തിൽ വൈറൽ’ എന്നതാണ് പദ്ധതിയുടെ ടാഗ്‌ലൈൻ.

തിരഞ്ഞെടുപ്പിന് ശേഷം അവശേഷിക്കുന്ന പേപ്പർ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ ഉപയോഗിച്ച് പെൻ സ്റ്റാൻഡ്, പേപ്പർ വെയ്റ്റ്, പേപ്പർ റാന്തലുകൾ എന്നിവ നിർമ്മിക്കാനും പദ്ധതിയുണ്ട്.

​തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം വോട്ടർമാർക്ക് മികച്ച സൗകര്യം ഒരുക്കുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം കൂടി നൽകാനാണ് ഈ ഉദ്യമത്തിലൂടെ ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്.