ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ ‘കാട്ടാളന്റെ ‘ ന്യൂ ഇയർ സ്പെഷ്യൽ പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ വയലൻസ് സ്വഭാവം വെളിപ്പെടുത്തുന്ന രീതിയിൽ വിവിധ വലിപ്പത്തിലുള്ള തോക്കുകൾ കൂട്ടിയിട്ടിരിക്കുന്നതിന് നടുവിൽ ‘ഹാപ്പി ന്യൂ ഇയർ’ എന്നെഴുതിയ പോസ്റ്ററാണ് പുറത്തുവിട്ടത്. ‘മാർക്കോ’യ്ക്ക് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ നവാഗതനായ പോൾ ജോർജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
വ്യത്യസ്ത പുതുവത്സരാശംസയ്ക്കൊപ്പം ആരാധകർ കാത്തിരുന്ന ഒരു പ്രധാന അപ്ഡേറ്റും അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക ടീസർ ജനുവരി 16-ന് പുറത്തിറങ്ങും. തായ്ലൻഡിലെ ആനവേട്ടയുടെയും മറ്റും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ തമിഴ് താരം ദുഷാര വിജയനാണ് നായിക. തെലുങ്ക് താരം സുനിൽ, കബീർ ദുഹാൻ സിങ്, ജഗദീഷ്, സിദ്ധിഖ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ‘ഓങ്-ബാക്ക്’ പോലുള്ള ആഗോള പ്രശസ്തമായ ആക്ഷൻ സിനിമകൾക്ക് പിന്നിൽ പ്രവർത്തിച്ച കെച്ച കെംബഡികെയാണ് സ്റ്റണ്ട് ഒരുക്കുന്നത് എന്നത് ആക്ഷൻ പ്രേമികളിൽ വലിയ പ്രതീക്ഷ നൽകുന്നു. തിരക്കഥ/സംഭാഷണം: ഉണ്ണി ആർ, സംഗീതം: അജനീഷ് ലോക്നാഥ് (‘കാന്താര’ ഫെയിം), എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, ഛായാഗ്രഹണം: രെണദേവ്, ചന്ദ്രു സെൽവരാജ്.
ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രം ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രങ്ങളിലൊന്നായിരിക്കുമെന്ന് കരുതപ്പെടുന്നു. മേയ് മാസത്തിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന
