സംസ്ഥാനത്തെ ഏറ്റവും വലിയ തണ്ണീർത്തടമായ വേമ്പനാട് തടാകത്തിന്റെ പരിസ്ഥിതി പുനരുദ്ധാരണത്തിന് ഒമ്പത് പദ്ധതികൾ അവതരിപ്പിച്ച് ബീറ്റാ വേമ്പനാട് ഫോറം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആര്യാട് ലേക്ക് കനോപ്പി റിസോർട്ടിൽ സംഘടിപ്പിച്ച ബീറ്റാ വേമ്പനാട് ഫോറത്തിലാണ് മേഖലയിലെ വിദഗ്ധർ വ്യത്യസ്തമായ പരിസ്ഥിതി പുനരുദ്ധാരണ പദ്ധതികൾ അവതരിപ്പിച്ചത്. കുളവാഴ മൂല്യവർദ്ധിത ഉൽപന്നങ്ങൾ, ഓൺസൈറ്റ് ശുചീകരണ സംവിധാനം, സ്കൂൾ ലാബുകളിലൂടെ വിദ്യാർത്ഥി-പൗര ജലഗുണ നിരീക്ഷണം, നഴ്സറി പെൻ സാങ്കേതികവിദ്യയിലൂടെ മത്സ്യബന്ധന വർദ്ധനവ്, ബയോബണ്ട് നിർമാണം, സ്ലൂയിസ് ഗേറ്റ് സാങ്കേതികവിദ്യ, കീടനാശിനികൾ നീക്കം ചെയ്യുന്ന പ്രകൃതിയധിഷ്ഠിത ഫിൽട്ടർ, ഹൗസ്ബോട്ട് മേഖലയിലെ ഉയർന്ന പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് കേന്ദ്രീകൃത വൃത്തിയാക്കൽ-സാനിറ്റേഷൻ അടിസ്ഥാനസൗകര്യ പദ്ധതി എന്നിവയാണ് വിദഗ്ധർ ഫോറത്തിൽ അവതരിപ്പിച്ചത്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഒന്നരവർഷമായി നടന്നുവരുന്ന വേമ്പനാട് പുനരുദ്ധാരണ പദ്ധതിയുടെ സാധ്യതകളും അവസരങ്ങളും ദേശീയ-അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധരുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും മുന്നിൽ അവതരിപ്പിക്കുക, കായലിന്റെ പുനരുജ്ജീവനത്തിന് കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സിഎസ്ആർ) ഫണ്ടുകൾ സമാഹരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് അന്താരാഷ്ട്ര വിദഗ്ധരെ അടക്കം പങ്കെടുപ്പിച്ച് സെമിനാർ സംഘടിപ്പിച്ചത്. കേന്ദ്ര
ജൽ ശക്തി മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയും ദേശീയ ജല ദൌത്യം ഡയറക്ടറുമായ അർച്ചന വർമ്മ ഫോറം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ അലക്സ് വർഗീസ് ആമുഖപ്രഭാഷണം നടത്തി. ടാഗ്സ് ഫോറം ഡയറക്ടർ രോഹിത് ജോസഫ് പദ്ധതി വിശദീകരിച്ചു.
വേമ്പനാട് തണ്ണീർത്തടത്തിന്റെ സമഗ്ര പുനരുദ്ധാരണത്തിന് ആവശ്യമായ ഫണ്ട് സമാഹരിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പായി ഫോറം മാറിയെന്നും അടുത്ത ഘട്ടം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് ഉടൻ നടപ്പാക്കുമെന്നും സംഘാടകർ അറിയിച്ചു.
പരിപാടിയിൽ മുൻ ധനവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്, മുൻ അംബാസഡർ വേണു രാജാമണി, യു.എൻ.സി.സി.ഡി ഡയറക്ടർ ഡോ. മുരളി തുമ്മാരുക്കുടി, വെറ്റ് ലാൻഡ്സ് ഇന്റർനാഷണൽ സൗത്ത് ഏഷ്യ ഡയറക്ടർ ഡോ. റിതേഷ് കുമാർ, കെയർ എർത്ത് കോ-ഫൗണ്ടർ ഡോ. ജയശ്രീ വെങ്കടേശൻ, എസ്.ഡബ്ല്യു.എ.കെ മെമ്പർ സെക്രട്ടറി സുനിൽ പമിഡി, ഡോ. കെ.ജി. പദ്മകുമാർ, ഡോ. ജി. നാഗേന്ദ്ര പ്രഭു, ഡോ. വി. എൻ. സഞ്ജീവൻ, ഡോ. എൻ സുനിൽകുമാർ, ഡോ. ജോൺ സി മാത്യു, ഡോ. മനോജ് പി സാമുവൽ, ഡോ. എൻ അനിൽകുമാർ, ഡോ. രംഗലക്ഷ്മി, കെ എസ് ഹരികുമാർ, രാജ്യാന്തര-ദേശീയ തലത്തിലുള്ള പാരിസ്ഥിതിക വിദഗ്ധർ. സിഎസ്ആർ പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, ഗവേഷക സ്ഥാപനങ്ങൾ, സാമൂഹിക സംഘടനകൾ തുടങ്ങിയവർ പങ്കെടുത്തു.
