സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുന്നതിനിടെ, വരാനിരിക്കുന്ന ദിവസങ്ങളിൽ താപനില ഭയാനകമായ രീതിയിൽ ഉയരുമെന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഔദ്യോഗിക അറിയിപ്പുകളെന്ന വ്യാജേന ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്ന ഇത്തരം പ്രചാരണങ്ങളിൽ വീഴരുതെന്നും അതോറിറ്റി അറിയിച്ചു.
ഏപ്രിൽ 29 മുതൽ മേയ് 12 വരെയുള്ള ദിവസങ്ങളിൽ താപനില 45 മുതൽ 55 ഡിഗ്രി വരെ ഉയരുമെന്നും, മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നും കാറുകളിൽ ഇന്ധനം നിറയ്ക്കരുതെന്നുമുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ‘സിവിൽ ഡിഫൻസ് വകുപ്പ്’ എന്ന പേരിലാണ് ഈ സന്ദേശങ്ങൾ വരുന്നത്. എന്നാൽ കേരളത്തിൽ ഇത്തരമൊരു വകുപ്പില്ലെന്നും സിവിൽ ഡിഫൻസ് എന്നത് അഗ്നിരക്ഷാസേനയ്ക്ക് കീഴിലുള്ള സന്നദ്ധ സേനയാണെന്നും അതോറിറ്റി വ്യക്തമാക്കി.
കേരളത്തിൽ താപനില 54 ഡിഗ്രി വരെ എത്തുമെന്ന ഒരു പ്രവചനവും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നടത്തിയിട്ടില്ല. ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും 2005-ലെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 54 പ്രകാരം ശിക്ഷാർഹമാണ്. ഔദ്യോഗികമായ കാലാവസ്ഥാ മുന്നറിയിപ്പുകൾക്കായി ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റോ ഫെയ്‌സ്ബുക്ക് പേജുകളോ മാത്രം ആശ്രയിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
