Home » Blog » Kerala » വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച് അയൽവാസിയുടെ ക്രൂരത! ബെംഗളൂരുവിനെ നടുക്കിയ സിസിടിവി ദൃശ്യങ്ങൾ
gym-680x450

നഗരത്തിലെ ത്യാഗരാജനഗറിൽ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസ്സുകാരനെ അയൽവാസി ക്രൂരമായി മർദിച്ചു. ഡിസംബർ 14-ന് നടന്ന സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. നീവ് ജെയിൻ എന്ന കുട്ടിക്കാണ് അയൽവാസിയായ രഞ്ജൻ എന്നയാളിൽ നിന്നും ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്.

വീടിന് സമീപം മറ്റ് കുട്ടികളോടൊപ്പം കളിക്കുകയായിരുന്നു നീവ്, ഈ സമയം അവിടെയെത്തിയ രഞ്ജൻ യാതൊരു പ്രകോപനവുമില്ലാതെ കുട്ടിയെ ആഞ്ഞു ചവിട്ടുകയായിരുന്നു. ചവിട്ടിന്റെ ആഘാതത്തിൽ തെറിച്ചുവീണ കുട്ടിക്ക് ആഴത്തിൽ മുറിവേൽക്കുകയും കൈകാലുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. കുട്ടിയെ ഒരു “ഫുട്ബോൾ പോലെ ചവിട്ടിത്തെറിപ്പിച്ചു” എന്നാണ് മാതാവ് ദീപിക ജെയിൻ പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

സിസിടിവി ദൃശ്യങ്ങളിൽ, മറ്റൊരു കുട്ടിക്കും ഒരു സ്ത്രീക്കും ഒപ്പം നിൽക്കുകയായിരുന്ന നീവിനെ പ്രതി ലക്ഷ്യമിടുന്നത് വ്യക്തമാണ്. ചവിട്ടി വീഴ്ത്തിയ ശേഷം കുട്ടി വേദനകൊണ്ട് പുളയുമ്പോഴും ഭാവഭേദമില്ലാതെ പ്രതി അവിടെ നിന്നും നടന്നുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രതി രഞ്ജൻ മുൻപും പ്രദേശവാസികളെ അകാരണമായി ചവിട്ടുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സ്വഭാവക്കാരനാണെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ ദീപിക ജെയിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരു പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. എന്നാൽ പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.