Home » Blog » kerala Max » വിസ, താമസം നിയമലംഘനങ്ങൾക്കെതിരെ സൗദിയിൽ കർശന നടപടി; വൻ പരിശോധനയിൽ 7000-ത്തിലേറെ പേർ അറസ്റ്റിൽ
sudi-680x450

സൗദി അറേബ്യയിൽ സുരക്ഷാ നിയമങ്ങൾ ലംഘിച്ച 7,760 പേരെ ഒരാഴ്ചയ്ക്കിടെ നടന്ന രാജ്യവ്യാപക പരിശോധനയിൽ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. താമസ നിയമങ്ങൾ ലംഘിച്ചതിന് 4,060 പേരും, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് 2,574 പേരും, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1,126 പേരുമാണ് പിടിയിലായത്. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു നടപടി സ്വീകരിച്ചത്.

ഇവർക്കു പുറമെ, അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ച 1,184 പേരെയും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്. പിടിക്കപ്പെട്ടവരിൽ ഭൂരിഭാഗവും എത്യോപ്യൻ, യമൻ പൗരന്മാരാണ്. നിയമവിരുദ്ധമായി അതിർത്തി കടക്കാൻ ശ്രമിച്ച 25 പേരെ സൗദിയിൽ നിന്ന് അയൽരാജ്യങ്ങളിലേക്ക് കടക്കുന്നതിനിടയിലും സുരക്ഷാ വിഭാഗം തടഞ്ഞു. ഇത്തരം നിയമലംഘകർക്ക് അഭയവും യാത്രാസൗകര്യങ്ങളും നൽകി സഹായിച്ച 16 പേരെയും അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിയമലംഘകർക്ക് ഒത്താശ ചെയ്യുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. അനധികൃത കുടിയേറ്റക്കാർക്ക് താമസസ്ഥലമോ വാഹനസൗകര്യമോ മറ്റ് സഹായങ്ങളോ നൽകുന്നവർക്ക് 15 വർഷം വരെ തടവും പത്ത് ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കാം. രാജ്യത്തെ തൊഴിൽ, താമസ, സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.