അത്യാധുനിക സൗകര്യങ്ങളോടെ വില്ലേജ് ഓഫീസുകൾ സ്മാർട്ട് നിലവാരത്തിലേക്ക് ഉയരുമ്പോൾ അതിന്റെ പ്രയോജനം ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ലഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. കോതമംഗലം താലൂക്കിലെ കുട്ടമംഗലം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വില്ലേജ് ഓഫീസുകളിലെ സൗകര്യങ്ങൾ ആധുനികവൽക്കരിക്കപ്പെടുമ്പോൾ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായും വേഗതയിലും ലഭ്യമാക്കാൻ കഴിയും. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. വില്ലേജ് ഓഫീസുകൾ വഴി ലഭ്യമാക്കേണ്ട 21 സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആയി അപേക്ഷിക്കാനും അനുവദിക്കാനുമുള്ള സാഹചര്യം ഇതിനകം ഒരുക്കാനായി. ദീർഘകാലമായി ലക്ഷ്യം വയ്ക്കുന്ന എല്ലാ വിവരങ്ങളും ചിപ്പ് ഘടിപ്പിച്ച ഒറ്റ കാർഡിൽ ഉൾക്കൊള്ളിക്കുന്ന ‘റവന്യു കാർഡും’ യാഥാർത്ഥ്യമാകുകയാണെന്നും അദ്ദേഹം പറഞ്ഞു
നെല്ലിമറ്റത്ത് കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷനായി. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സൗമ്യ ശശി, ജോമി തെക്കേക്കര, കോതമംഗലം താലൂക്ക് തഹസിൽദാർ എം.അനിൽ കുമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഷാജി മുഹമ്മദ്, എ.എ അൻഷാദ്, ടി.എച്ച് നൗഷാദ്, കെ.എം അലിയാർ, മനോജ് ഗോപി, എ.റ്റി പൗലോസ്, ബേബി പൗലോസ്,അരുൺ നെല്ലിമറ്റം, വി.സി മാത്തച്ചൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
