സിനിമാലോകത്ത് നിന്ന് തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റം പ്രഖ്യാപിച്ച നടൻ വിജയ്, നിലവിൽ ‘തമിഴ്ഗ വെട്രി കഴകം’ (ടിവികെ) എന്ന പാർട്ടി രൂപീകരിച്ച് പൊതുസേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. തൻ്റെ അടുത്ത സിനിമയായിരിക്കും സിനിമാജീവിതത്തിലെ അവസാനത്തേതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ ഇപ്പോൾ, അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവേശനത്തെക്കാളും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത് മറ്റൊന്നാണ്.
വിജയ്‌യുടെ എല്ലാ ആഡംബര വാഹനങ്ങളിലും, പുതുതായി ഇറക്കിയ പ്രചാരണ ബസിൽ പോലും ഒരു പ്രത്യേക നമ്പർ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നത് നമുക്ക് കാണാം. ഈ ‘0277’ എന്ന നമ്പർ വെറുമൊരു അക്കമല്ല, അത് വിജയ്‌യുടെ ജീവിതത്തിലെ ഒരു തീവ്രമായ വൈകാരിക ബന്ധത്തിൻ്റെ ഓർമ്മപ്പെടുത്തലാണ്.
ആഡംബര കാറുകളോടുള്ള താൽപ്പര്യത്തിന് പേരുകേട്ടയാളാണ് ദളപതി വിജയ്. അടുത്തിടെ റോൾസ് റോയ്‌സ് വിറ്റ ശേഷം അദ്ദേഹം മൂന്ന് പുതിയ വാഹനങ്ങൾ സ്വന്തമാക്കി.
ഒരു ബിഎംഡബ്ല്യു ഇലക്ട്രിക് കാർ, ലെക്സസ് എൽഎം, ടൊയോട്ടയുടെ വെൽഫയർ. തമിഴ്‌നാട്ടിലുടനീളമുള്ള രാഷ്ട്രീയ പ്രചാരണങ്ങൾക്കായി ഒരു പ്രത്യേക പ്രചാരണ ബസും അദ്ദേഹത്തിനുണ്ട്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം, ഈ വാഹനങ്ങളുടെയെല്ലാം രജിസ്ട്രേഷൻ നമ്പറുകളിൽ “0277” എന്ന സംഖ്യ സ്ഥിരമായി പ്രത്യക്ഷപ്പെടുന്നു.
TN 14 AH 0277 (BMW), TN 14 AL 0277 (Lexus), TN 14 AM 0277 (Vellfire), TN 14 AS 0277 (TVK പ്രചാരണ ബസ്). ഇതിനുമുമ്പ്, അദ്ദേഹത്തിൻ്റെ റോൾസ് റോയ്‌സിൻ്റെ നമ്പർ “0014” ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.
വിജയ്‌യുടെ വാഹനങ്ങളിൽ ആവർത്തിച്ച് കാണുന്ന ഈ നമ്പർ പ്ലേറ്റിന് പിന്നിൽ ഹൃദയസ്പർശിയായ ഒരു കഥയുണ്ട്. വിജയ്‌യുടെ ഇളയ സഹോദരി വിദ്യയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനാണ് ഈ നമ്പർ.
ചെറുപ്പത്തിൽത്തന്നെ മരണമടഞ്ഞ വിദ്യയുടെ ജനനത്തീയതിയാണ് ഈ നമ്പർ സൂചിപ്പിക്കുന്നത് – 14-02-77. ഈ തീയതിയാണ് അദ്ദേഹത്തിൻ്റെ നിലവിലെ വാഹന രജിസ്‌ട്രേഷനുകളിൽ 14-൦൨-77 എന്ന ശ്രേണിയായി ആവർത്തിക്കുന്നത്.
തൻ്റെ പ്രിയപ്പെട്ട സഹോദരിയോടുള്ള വാത്സല്യത്തിൻ്റെയും നിത്യസ്നേഹത്തിൻ്റെയും അടയാളമായി വിജയ് ഈ നമ്പർ അനശ്വരമായി രേഖപ്പെടുത്തിയിരിക്കുകയാണ്
