പാരീസിലെ വിഖ്യാതമായ ലൂവ്ര് മ്യൂസിയത്തിൽനിന്ന് നെപ്പോളിയൻ കുടുംബത്തിലെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട വാർത്ത ലോകത്തെ ഞെട്ടിച്ചിരുന്നു. എന്നാൽ, ജർമ്മനിയിലെ ഡ്യൂസൽഡോർഫ് നഗരത്തിൽനിന്നുള്ള വാർത്ത നേരെ തിരിച്ചാണ്, ഇവിടെ ഒരു മോഷ്ടാവല്ല, മറിച്ച് ഒരു ചിത്രകാരൻ അതിവിചിത്രമായ ഒരു ‘ഒളിച്ചു കടത്തൽ’ നടത്തി..! അത്യപൂർവമായ കലാസൃഷ്ടികൾ സൂക്ഷിക്കുന്ന അതിസുരക്ഷാ ആർട്ട് ഗ്യാലറിയിലേക്ക് ഒരു യുവാവ് ഷർട്ടിനുള്ളിൽ ഒളിപ്പിച്ച് കൊണ്ടുവന്നത് മറ്റാരുടേയുമല്ല, സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രം! ഈ സാഹസികമായ ‘പ്രദർശനം’ ലോക ശ്രദ്ധ നേടുകയാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഡ്യൂസൽഡോർഫിലെ കെ 20 ആർട്ട് മ്യൂസിയത്തിലാണ് അവിശ്വസനീയമായ ഈ സംഭവം അരങ്ങേറിയത്. ലൂവ്ര് മ്യൂസിയത്തിൽനിന്ന് മുമ്പ് മോഷ്ടിക്കപ്പെട്ട നെപ്പോളിയൻ കുടുംബത്തിന്റെ ആഭരണങ്ങൾ അണിഞ്ഞ് മൊണാലിസയുടെ ശൈലിയിൽ വരച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രമാണ് യുവാവ് ഒളിച്ചുകടത്തിയത്.
അജ്ഞാതനായ ഈ യുവാവ് ചിത്രം ഷർട്ടിനുള്ളിൽ ഒളിപ്പിച്ചാണ് അതിസുരക്ഷാ സംവിധാനമുള്ള മ്യൂസിയത്തിൽ പ്രവേശിച്ചത്. മ്യൂസിയത്തിലെ പ്രദർശന ഹാളിലെ ചുവരിൽ യുവാവ് ഈ ചിത്രം പതിക്കുകയും, അവിടുത്തെ ജീവനക്കാരനെപ്പോലെ കാണികൾക്ക് അതിന്റെ ‘വിവരണം’ നൽകുകയും ചെയ്തു. ഈ മുഴുവൻ ചിത്രീകരണവും സുരക്ഷാ ജീവനക്കാർ നോക്കിനിൽക്കെയാണ് നടന്നത് എന്നതും അതിശയിപ്പിക്കുന്ന കാര്യമാണ്.
ക്രിസ്റ്റ്യാനോയുടെ ചിത്രം രഹസ്യമായി പ്രദർശനത്തിന് വെച്ചതിലൂടെ കെ 20 ആർട്ട് മ്യൂസിയത്തിലെ സുരക്ഷാ സംവിധാനത്തിലെ വലിയ വീഴ്ചയാണ് പുറത്തുവന്നത്. ക്ലാസിക്കൽ മോഡേണിസത്തിൽ വൈദഗ്ധ്യം നേടിയ ഈ പ്രദർശനശാലയിൽ പോൾ ക്ലീ, വാസിലി കാൻഡിൻസ്കി, ഹെൻറി മാറ്റിസ്, പാബ്ലോ പിക്കാസോ തുടങ്ങിയവരുടെ വിലമതിക്കാനാകാത്ത മാസ്റ്റർപീസുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ആൻഡി വാർഹോൾ, ജാക്‌സൺ പൊള്ളോക്ക് എന്നിവരുടേതുൾപ്പെടെ 1945-ന് ശേഷമുള്ള കലയും ഇവിടെ പ്രദർശിപ്പിച്ചുണ്ട്. ഇത്രയും വിലപിടിപ്പുള്ള കലാസൃഷ്ടികൾ ഉള്ളയിടത്ത്, ഒരു യുവാവിന് ഷർട്ടിനുള്ളിൽ ഒരു ചിത്രം ഒളിപ്പിച്ച് അകത്ത് കടക്കാനും അത് ചുവരിൽ പതിപ്പിക്കാനും കഴിഞ്ഞത് സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്.
യുവാവ് തന്നെയാണ് തന്റെ സാഹസികത പൂർണ്ണമായും ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. വീഡിയോ വൈറലായതോടെയാണ് മ്യൂസിയം അധികൃതർ സുരക്ഷാ വീഴ്ചയെക്കുറിച്ച് അറിഞ്ഞതും അന്വേഷണം ആരംഭിച്ചതും.
