കൊച്ചി: അടുത്ത 25 വര്‍ഷങ്ങളിലായി ഏഴു ശതമാനത്തിലേറെ സുസ്ഥിര വളര്‍ച്ച നിലനിര്‍ത്തേണ്ടത് 2050-ഓടെ വികസിത ഭാരതത്തിലേക്ക് എത്താന്‍ അനിവാര്യമാണെന്ന് ആക്സിസ് ബാങ്ക് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. ഇതിനായി ആകെ ജീവനക്കാരുടെ വരുമാനമുള്ള ജോലിയിലൂടെയുള്ള പങ്കാളിത്തം 47 ശതമാനത്തില്‍ നിന്ന് 60 ശതമാനത്തോളമായി ഉയര്‍ത്തണം. ഇതു കൈവരിക്കുന്നതില്‍ വനിതകളുടെ പങ്കാളിത്തം ഏറെ നിര്‍ണായകമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ജി 20 രാഷ്ട്രങ്ങള്‍ക്കിടയില്‍ വരുമാനം നേടുന്ന ജോലികളില്‍ വനിതാ പങ്കാളിത്തം ഏറ്റവും കുറവുള്ളവയിലാണ് ഇന്ത്യയുടെ സ്ഥാനം. ജോലി ചെയ്യുന്നവരിലാണെങ്കില്‍ കൂടുതല്‍ വനിതകളും കൃഷി, സ്വയം തൊഴില്‍, വേതനമില്ലാത്ത ജോലി തുടങ്ങിയവയിലുമാണ്. വരുമാനം നേടുന്ന ജോലിയുള്ള വനിതകളില്‍ 60 ശതമാനത്തോളവും അനൗപചാരിക ധാരണകളുമായാണ് മുന്നോട്ടു പോകുന്നത്. അവര്‍ക്ക് കരാറോ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളോ ഇല്ല. വനിതാ ജീവനക്കാരില്‍ 61 ശതമാനവും കാര്‍ഷിക മേഖലയിലാണ്. വിദ്യാഭ്യാസം നേടിയ 125 ദശലക്ഷം പേര്‍ ജോലിക്കു പുറത്തുമാണ്.
വനിതകള്‍ക്ക് തൊഴിലിടങ്ങളില്‍ പുതിയ അവസരങ്ങള്‍ പ്രദാനം ചെയ്യുന്ന രീതിയില്‍ തൊഴില്‍മേഖല പുനര്‍ രൂപകല്‍പന ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കായിരിക്കും അടുത്ത ദശകത്തില്‍ വളര്‍ച്ചയുണ്ടാകുകയെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആക്സിസ് ബാങ്ക് എച്ച്ആര്‍ വിഭാഗം മേധാവിയും ഗ്രൂപ്പ് എക്സിക്യൂട്ടീവുമായ രാജ് കമൽ വെമ്പട്ടി പറഞ്ഞു. രാജ്യത്തെ 42 പട്ടണങ്ങളിലായി വനിതകളും ഇന്ത്യയിലെ വളര്‍ച്ചാ വെല്ലുവിളികളും എന്ന പേരില്‍ നടത്തിയ സര്‍വ്വേയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.
