Home » Blog » Kerala » വികസനത്തിൽ രാഷ്ട്രീയമില്ല, മുൻഗണന നാടിന്റെ പുരോഗതിക്ക് -മുഖ്യമന്ത്രി പിണറായി വിജയൻ
pinarayivijayan-kiCG-621x414LiveMint-1-560x414

 

പുല്ലുവഴി-തായിക്കരച്ചിറ, പാനേക്കാവ് പാലങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു.

 

മധ്യകേരളത്തിലെ പ്രധാന പാതകളുടെ വികസനക്കുതിപ്പിന് കരുത്തേകി പുല്ലുവഴി-തായ്ക്കരച്ചിറ പാലവും, പാനേക്കാവ് പാലവും നാടിന് സമർപ്പിച്ചു. ഓൺലൈനായി നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.

 

വികസന കാര്യങ്ങളിൽ രാഷ്ട്രീയം നോക്കാതെ നാടിന്റെ പുരോഗതിക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

 

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിലൂടെ അദ്ധ്യക്ഷനായി. ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

 

പെരുമ്പാവൂർ മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ പാലങ്ങൾ നിർണ്ണായക പങ്കുവഹിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മണ്ഡലത്തിൽ അഞ്ച് പ്രധാന പാലങ്ങൾ പൂർത്തിയാക്കാൻ സാധിച്ചതും പുതിയ ബഡ്ജറ്റിൽ മൂന്ന് പാലങ്ങൾക്ക് കൂടി അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞതും വികസന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

 

പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലത്തെ കാത്തിരിപ്പിനാണ് പാലം പൂർത്തിയായതോടെ വിരാമമായത്. അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ പഴയ പാലവും പുതിയപാലവും ഒറ്റപ്പാലം ആക്കണമെന്ന ആവശ്യം കണക്കിലെടുത്താണ് പുതിയ പാലം യാഥാർത്ഥ്യമായത്. പൊതുമരാമത്ത് വകുപ്പിൻ്റെ മേൽനോട്ടത്തിൽ മികച്ച നിലവാരത്തിലാണ് പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയത്.

 

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി. സുനിൽ, രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ മുബാസ് ഓടക്കാലി, രായമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് പൂണേലി, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എൽദോ മാത്യു, മാത്യൂസ് ജോസ് തരകൻ, രായമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഐസക് തുരുത്തിയിൽ, റ്റിൻസി ബാബു, ഡെയ്‌സി അനിൽ, പൊതുമരാമത്ത് വകുപ്പ്, പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ് ജെ സജിന, അസിസ്റ്റന്റ് എഞ്ചിനീയർ കെ സി ഷൈനി, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ, മുൻ രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പി. അജയകുമാർ, വർഗീസ് പുല്ലുവഴി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.