Home » Blog » kerala Max » വാൽപ്പാറ വാൻ അപകടം ഡ്രൈവറുടെ പരിചയക്കുറവ് മൂലം; റിപ്പോർട്ട് പുറത്ത്
valppara-680x450

ൻപതുപേരുടെ മരണത്തിനിടയാക്കിയ വാൽപ്പാറ വാൻ അപകടത്തിൽ ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ചുരം റോഡിലെ ഇറക്കത്തിൽ ഗിയർ ഡൗൺ ചെയ്യാതെ വാഹനം ഓടിച്ചതും വളവുകളിൽ പുലർത്തേണ്ട ജാഗ്രതയുടെ കുറവുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിന് മറ്റ് സാങ്കേതിക തകരാറുകൾ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല.

അപകടം നടന്ന ചുരം റോഡിന്റെ വശങ്ങളിൽ സുരക്ഷാ ബാരിക്കേഡുകൾ അടിയന്തരമായി സ്ഥാപിക്കണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്. പരിക്കേറ്റ് ചികിത്സയിലായതിനാൽ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇയാളുടെ മൊഴി കൂടി ലഭ്യമാകുന്നതോടെ അപകടത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുമെന്ന് അധികൃതർ അറിയിച്ചു. പൊള്ളാച്ചി ആർടിഒ റിപ്പോർട്ട് തമിഴ്‌നാട് സർക്കാരിന് കൈമാറി.

അപകടത്തിൽ പരിക്കേറ്റ നാലുപേർ നിലവിൽ ചികിത്സയിലാണ്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ കഴിയുന്ന നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. അതേസമയം, കോയമ്പത്തൂരിലുള്ള സഹദിൻ മുഹമ്മദിനെയും പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള മസ്നിനെയും വാർഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും അടങ്ങുന്ന വിനോദയാത്രാ സംഘമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം വാൽപ്പാറ ചുരത്തിലെ പതിമൂന്നാം വളവിൽ വെച്ച് നിയന്ത്രണം വിട്ട വാൻ 300 അടി താഴ്ചയിലുള്ള ഒൻപതാം വളവിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ 13 പേർ യാത്ര ചെയ്ത വാനിലുണ്ടായിരുന്ന ഏഴ് സ്ത്രീകളും ഒരു കുട്ടിയുമടക്കം ഒൻപത് പേരാണ് മരണപ്പെട്ടത്.