സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ കോര്‍പ്പറേഷന്‍ നല്‍കുന്ന ചെറുതും വലുതുമായ വായ്പകള്‍ പ്രയോജനപ്പെടുത്തി പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ സ്വയം സംരംഭകരാകണമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ്ഗ കോര്‍പ്പറേഷന്‍ കാസര്‍കോട് പുതുതായി ആരംഭിച്ച ഉപജില്ലാ കാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തില്‍ നിരവധി ധനകാര്യസ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും കെ.എസ്.ഡി.സി പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെ ക്ഷേമത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ഈടില്ലാതെ വായ്പകള്‍ നല്‍കുന്നുണ്ടെന്നും ഈ വായ്പകള്‍ വരുമാനദായക പദ്ധതികളുടെയും സംരംഭങ്ങളുടെയും മൂലധനം ആക്കി മാറ്റാമെന്നും മന്ത്രി പറഞ്ഞു. ഭൂമി വാങ്ങാനും വീട് നന്നാക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി നിരവധി ലോണുകള്‍ കോര്‍പ്പറേഷന്‍ നല്‍കുന്നുണ്ട്. സര്‍ക്കാരിന്റെ ഏറ്റവും പുതിയ പദ്ധതികളെ പറ്റി ജനങ്ങള്‍ അറിയാതെ പോകരുതെന്നും മന്ത്രി നിര്‍ദേശചിച്ചു.
മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വിവിധതരത്തിലുള്ള വായ്പ വിതരണവും മന്ത്രി നിര്‍വ്വഹിച്ചു. തൃക്കരിപ്പൂര്‍, കാറഡുക്ക സിഡിസുകള്‍ക്ക് നല്‍കിയ 63 ലക്ഷം രൂപയുടെ വായ്പ ഉള്‍പ്പെടെ മള്‍ട്ടിപര്‍പ്പസ് ചെറുകിട സംരംഭക വായ്പ,സമൃദ്ധി കേരള വായ്പ, സ്വയംതൊഴില്‍,വിവാഹ വായ്പ,വ്യക്തിഗത വായ്പ തുടങ്ങി മൊത്തം 15324600 രൂപയുടെ വായ്പ വിതരണം ചടങ്ങില്‍ നടന്നു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, കാസര്‍കോട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കൃഷ്ണന്‍ ഒക്ലാവ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയര്‍പേഴ്‌സണ്‍ ഉഷ അര്‍ജുന്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ വസന്തന്‍ അജക്കോട്, ഡി.ശങ്കര, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഓ.പി രാധാകൃഷ്ണന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ പത്മാവതി, എം.മാലതിഎന്നിവര്‍ പങ്കെടുത്തു. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.കെ ഷാജു സ്വാഗതവും കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ വി.പി സുബ്രഹ്‌മണ്യന്‍ നന്ദിയും പറഞ്ഞു. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന് 14 ജില്ലകളിലും ഓരോ ഓഫീസും അഞ്ച് ഉപജില്ല ഓഫീസുകളും ഉണ്ട്. കോര്‍പ്പറേഷന്റെ സേവനം കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉപ കാര്യാലയത്തിന്റെ ഉദ്ഘാടനം നടന്നത്.
