വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി പട്‌ന

പട്‌ന: വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി പട്‌ന. വാട്ടര്‍ മെട്രോ പദ്ധതി കേന്ദ്രത്തിന്റെ ഗംഗാ മൊബിലിറ്റി പദ്ധതിയുടെ ഭാഗമാണ്. രാജ്യത്ത് ആദ്യമായി വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ച് കൊച്ചി ചരിത്രത്തിലിടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പട്‌നയും വാട്ടര്‍ മെടട്രോ സര്‍വീസ് ആരംഭിക്കുന്നത്.
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ യാത്ര കൂടി ലക്ഷ്യമിട്ടാണ് പട്‌നയില്‍ വാട്ടര്‍ മെട്രോ സര്‍വീസ് ഒരുങ്ങുന്നത്.

രണ്ട് ടെര്‍മിനലുകളുടെയും 16 കമ്മ്യൂണിറ്റി ജെട്ടികളുടെയും വികസനത്തോടെയാണ് പദ്ധതി ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. വാട്ടര്‍ മെട്രോ വരുന്നതോടെ പട്‌നയിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പട്‌ന നിവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇത് കൂടുതല്‍ സഹായകരമാകുകയും ചെയ്യും.

വാട്ടര്‍ മെട്രോയുടെ ടെര്‍മിനലുകളില്‍ ആധുനിക യാത്രാ സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉള്‍പ്പെടുത്തും. കൂടാതെ, വായു, ശബ്ദ മലിനീകരണം എന്നിവ ഗണ്യമായി കുറയ്ക്കാനായി വൈദ്യുത ഫെറികളും സ്ഥാപിക്കും. പട്‌നയിലെ വാട്ടര്‍ മെട്രോ വാരണാസി മുതല്‍ ഹാല്‍ദിയ വരെ നീളുന്ന ദേശീയ ജലപാത 1ന് പ്രോത്സാഹനം നല്‍കും. കൂടാതെ, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് പ്രാദേശിക സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കാനും ഇതുവഴി സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

More From Author

Leave a Reply

Your email address will not be published. Required fields are marked *