തിരുവനന്തപുരം: ആലപ്പുഴ ഗവൺമെൻറ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക അകപ്പെട്ട സംഭവത്തിൽ വകുപ്പു മേധാവിയായിരുന്ന ഡോ. ലളിതാംബികയ്ക്കെതിരെ കേസെടുത്തു. എന്നാൽ, ശസ്ത്രക്രിയ നടത്തിയ ഡോ.ജെ. ഷാഹിദ, നഴ്സ് പി.എസ്. ധന്യ എന്നിവർ നിലവിൽ പ്രതിയല്ല. ബിഎൻഎസ് 125, 125 (എ) വകുപ്പുകൾ പ്രകാരമാണ് കേസ്. മനുഷ്യജീവനും സുരക്ഷയ്ക്കും അപകടമുണ്ടാക്കിയതിനാണ് കേസ്. കേസിൽ കൂടുതൽപേരെ പ്രതി ചേർത്തേക്കും.
ഇതിനിടെ, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഗേറ്റ് തള്ളിത്തുറന്ന് അകത്തേയ്ക്ക് കയറിയ പ്രവർത്തകർ വീടിൻ്റെ വാതിലിന് മുന്നിൽ റീത്ത് വെച്ചു. വീടിനു നേരെ ചീമുട്ട എറിഞ്ഞു. പ്രതിഷേധം ശക്തമായതോടെ കൂടുതൽ പോലീസുകാർ സ്ഥലത്തേക്കെത്തി. ഇതിനിടെ പ്രവർത്തകർ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഗേറ്റിൽ കരിങ്കൊടി തൂക്കുകയും ചെയ്തു. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ പോലീസുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. ഇതിനിടെ, പ്രവർത്തകർ വീട്ടിലേക്ക് വീണ്ടും അതിക്രമിച്ച് കയറാർ ശ്രമിച്ചു. ഇതോടെ പോലീസ് ബലം പ്രയോഗിച്ചു. പിന്നാലെ പ്രവർത്തകർ വീട്ടിലേക്ക് ചീമുട്ടയെറിഞ്ഞു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തിൽ കയറ്റി. ഈ സമയം മറ്റു പ്രവർത്തകർ പോലീസ് വാഹനത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തൈക്കാട്- വഴുതക്കാട് റോഡ് പ്രവർത്തകർ ഉപരോധിക്കുകയും ചെയ്തു.
