കണിയാമ്പറ്റ, പനമരം മേഖലകളിലെ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള തീവ്ര ശ്രമങ്ങൾ വനം വകുപ്പ് ഊർജ്ജിതമാക്കി. അഞ്ചു വയസ്സുള്ള ആൺ കടുവയാണ് മേഖലയിൽ ഭീതി പരത്തുന്നത്. കടുവയെ കണ്ടെത്തി വനത്തിലേക്ക് തിരികെ അയക്കുന്നതിനായി തെർമൽ ഡ്രോൺ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള തിരച്ചിലാണ് വനം വകുപ്പ് നടത്തുന്നത്.
പ്രദേശത്ത് കടുവയുടെ സഞ്ചാരം നിരീക്ഷിക്കാൻ കൂടുതൽ ക്യാമറ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ചീക്കല്ലൂരിലെ വയലിൽ നിന്ന് കടുവയെ കാട്ടിലേക്ക് കയറ്റാൻ ശ്രമിച്ചിരുന്നുവെങ്കിലും, അത് ജനവാസ മേഖലയിലേക്ക് തന്നെ ഓടിപ്പോവുകയായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൂട് സ്ഥാപിക്കാനും മയക്കുവെടി വെക്കാനുമുള്ള ഉത്തരവ് ലഭിച്ചിട്ടുള്ളതിനാൽ ആ മാർഗവും തേടുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
കടുവയുടെ സാന്നിധ്യം ശക്തമായതിനെ തുടർന്ന് പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ 11 വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പനമരം പഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാർഡുകളിലും, കണിയാമ്പറ്റ പഞ്ചായത്തിലെ 5, 6, 7, 19, 20 വാർഡുകളിലുമാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പരീക്ഷകൾ ഉൾപ്പെടെയുള്ള പരിപാടികൾ മാറ്റി വെച്ചിട്ടുണ്ട്. കൂടാതെ, ഈ പ്രദേശങ്ങളിൽ നിരോധനാജ്ഞയും നിലവിലുണ്ട്.
