Home » Blog » Kerala » വന സംരക്ഷണത്തോടൊപ്പം വനപാലകരെ സംരക്ഷിക്കാനും വനംവകുപ്പ് പ്രതിജ്ഞാബദ്ധമാണ്; മന്ത്രി എ.കെ ശശീന്ദ്രന്‍
images - 2026-02-20T173311.146

 

പാണ്ടിയില്‍ നിര്‍മ്മിച്ച സൗരോര്‍ജ്ജ തൂക്കുവേലിയും സ്റ്റാഫ് ബാരക്കും പുലിപ്പറമ്പിലെ അത്യാധുനിക വാച്ച് ടവറും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നാടിനു സമര്‍പ്പിച്ചു

 

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ പ്രവൃത്തിയായ വനസംരക്ഷണം നടത്തുന്ന വനപാലകരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് വനംവകുപ്പിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്വമാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് ഫോറസ്റ്റ് ഡിവിഷന് കീഴില്‍ മനുഷ്യ വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനായി നടപ്പിലാക്കി വരുന്ന ഇടപെടലുകളില്‍ നിര്‍ണായക ഘട്ടമായ പുലിപ്പറമ്പ് വാച്ച് ടവറും സംരക്ഷണവിഭാഗം ജീവനക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പാണ്ടിയില്‍ നിര്‍മാണം പൂര്‍ത്തികരിച്ച സ്റ്റാഫ് ബാരക്കും ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വന്യജീവി സംഘര്‍ഷാവസ്ഥ പരിഹരിച്ച് കര്‍ഷക സമൂഹത്തെ സംരക്ഷിക്കുന്നതിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. കേരള- കര്‍ണാടക അതിര്‍ത്തി പ്രദേശമായ ബന്തടുക്ക ഫോറസ്റ്റ് സെക്ഷനില്‍ വനസംരക്ഷണത്തിന് പുതിയ ഉണര്‍വ്വ് നല്‍കുന്ന പദ്ധതിയാണിത്. 20 ലക്ഷം രൂപ ചിലവഴിച്ച് കെട്ടിടം നിര്‍മ്മിച്ചത്. കാസര്‍കോടിന്റെ ഹരിത സമൃദ്ധി കാത്ത് സൂക്ഷിക്കാനും വന്യജീവി സംരക്ഷണത്തിനും സര്‍ക്കാരിന്റെയും വനം വന്യജീവി വകുപ്പിന്റെയും ഇച്ഛാശക്തിയുടെ അടയാളം കൂടിയാണ് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. വന്യജീവികളുടെ സാന്നിധ്യം നേരത്തെ മനസ്സിലാക്കാനും കൃത്യമായി ഇടപെടല്‍ നടത്താനും ഉതകുന്ന വിധത്തിലാണ് വാച്ച് ടവര്‍ നിര്‍മ്മിച്ചതെന്നും ജില്ലാതല ആസൂത്രണ സമിതിയുടെ ശുപാര്‍ശയും സംസ്ഥാനതല അംഗീകാരവും ലഭിച്ച് നവീന പദ്ധതിയായി പ്രത്യേക സാമ്പത്തിക സഹായത്തോടെയാണ് 16.3 കിലോ മീറ്റര്‍ സൗരവേലി നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു.

 

ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു. കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജനനി, മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി, ദേലംപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാരദ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ രത്‌നം കുമാര്‍, കാസര്‍കോട് സാമൂഹിക വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.ബി ഉദയസൂര്യന്‍, ദേലംപടി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ശ്യാമള, കെ.വി രമ്യ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കുഞ്ഞിരാമന്‍, ടി.ഗോപിനാഥന്‍ നായര്‍, ദിലീപ് പള്ളഞ്ചി, അഷ്‌റഫ് ഹാജി, കോണ്‍ട്രാക്ടര്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.എന്‍ അഞ്ജന്‍ കുമാര്‍ സ്വാഗതവും കാസര്‍കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു നന്ദിയും പറഞ്ഞു.

 

വന്യജീവി പ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കി വിവിധ പദ്ധതികള്‍

 

വന്യജീവി പ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും വനപാലകര്‍ക്ക് സ്ഥിര നിരീക്ഷണ സൗകര്യം ഉറപ്പാക്കുകയും ചെയ്യുന്നതാണ് രണ്ട് പദ്ധതികളുടെയും ലക്ഷ്യം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ദേലംപാടി, കാറഡുക്ക, മുളിയാര്‍, ബേഡഡുക്ക, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തുകള്‍ കാട്ടാന ശല്യം മൂലം ബുദ്ധിമുട്ട് നേരിട്ടുവരികയായിരുന്നു. കേരളകര്‍ണ്ണാടക അതിര്‍ത്തി വനമേഖലയില്‍ നിന്ന് കടന്നെത്തുന്ന വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും സാരമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. കാട്ടാന സാന്നിധ്യം മൂലം ഭീതിയിലായ സാഹചര്യത്തില്‍ അപകട മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ‘കാറഡുക്ക ആന പ്രതിരോധ പദ്ധതി’ പ്രകാരം ദേലംപാടി പഞ്ചായത്തില്‍ 21 കിലോമീറ്റര്‍ ദൂരത്തില്‍ അത്യാധുനിക സൗരോര്‍ജ്ജ തൂക്കുവേലി സ്ഥാപിച്ചത്.

 

ജില്ലാതല ആസൂത്രണ സമിതിയുടെ ശുപാര്‍ശയും സംസ്ഥാനതല അംഗീകാരവും ലഭിച്ച് നവീന പദ്ധതിയായി പ്രത്യേക സാമ്പത്തിക സഹായത്തോടെയാണ് ഇത് നടപ്പിലാക്കിയത്. പദ്ധതി സംസ്ഥാനതലത്തില്‍ മാതൃകയായി പരിഗണിക്കപ്പെട്ടു. ബന്തടുക്ക സെക്ഷനില്‍ തലപ്പച്ചേരി മുതല്‍ അഞ്ചിനടുക്ക വരെ 16.3 കിലോമീറ്റര്‍ സൗരോര്‍ജ്ജ തൂക്കുവേലി 196 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. പ്രതിരോധ സംവിധാനങ്ങളുടെ ഫലപ്രാപ്തി ഉറപ്പാക്കാന്‍ നിരന്തര മേല്‍നോട്ടം അനിവാര്യമായതോടെയാണ് സ്ഥിര നിരീക്ഷണ കേന്ദ്രമായി പുലിപ്പറമ്പില്‍ വാച്ച് ടവര്‍ സ്ഥാപിച്ചത്. ആനകളുടെ പ്രധാന സഞ്ചാരപാതയിലായതിനാല്‍ ഇവിടെ നിന്നുള്ള നിരീക്ഷണം അതിര്‍ത്തി കടന്നെത്തുന്ന വന്യജീവികളുടെ നീക്കങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ സഹായകരമാണ്. ജനവാസ മേഖലയിലേക്ക് പ്രവേശനം തടയുന്നതിനും കാട്ടുതീ പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ സമയബന്ധിതമായി കണ്ടെത്തുന്നതിനും ടവര്‍ ഉപകരിക്കും. കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ (KPHCC) ആണ് വാച്ച് ടവറിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 23 ലക്ഷം രൂപ ചെലവഴിച്ചാണ് ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളോടെ ടവര്‍ സജ്ജമാക്കിയിരിക്കുന്നത്. പട്രോളിംഗിന്റെ ഭാഗമായി ദീര്‍ഘനേരം വനമേഖലയില്‍ കഴിയേണ്ടി വരുന്ന സംരക്ഷണ വിഭാഗം ജീവനക്കാര്‍ക്ക് ആവശ്യമായ വിശ്രമ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

 

ബന്തടുക്ക സെക്ഷനില്‍ വനപാലകര്‍ക്ക് താമസസൗകര്യങ്ങള്‍ പരിമിതമായിരുന്നത് രാത്രികാല പരിശോധനകളെയും വനസംരക്ഷണ പ്രവര്‍ത്തനങ്ങളെയും കാര്യമായി ബാധിച്ചിരുന്നു.അതിര്‍ത്തി വനമേഖലകളിലെ നിരീക്ഷണവും വന്യജീവി പരിപാലനവും കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കാസര്‍ഗോഡ് വനം ഡിവിഷന് കീഴില്‍ നിര്‍മ്മിച്ച പാണ്ടിയിലെ അത്യാധുനിക സ്റ്റാഫ് ബാരക്ക് കേരള-കര്‍ണ്ണാടക അതിര്‍ത്തി പങ്കിടുന്ന അതീവ പ്രാധാന്യമുള്ള വനമേഖലയില്‍ ഉദ്യോഗസ്ഥര്‍ക്ക് മെച്ചപ്പെട്ട സേവന സാഹചര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ പണി പൂര്‍ത്തികരിച്ച പദ്ധതിയാണ്. നബാര്‍ഡ് പദ്ധതിയില്‍ (RIDF-XXVII) ഉള്‍പ്പെടുത്തി ഏകദേശം 120 ലക്ഷം രൂപ ചിലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഈ മന്ദിരവും അനുബന്ധമായ ചുറ്റുമതിലും നിര്‍മ്മിച്ചിരിക്കുന്നത്. കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്.