ന്യൂഡൽഹി: 2029 ൽ നടപ്പിലാക്കുന്നതിനായി വനിതാ സംവരണ നിയമം ഈ ആഴ്ച ഭേദഗതി ചെയ്യുന്നതോടെ പാർലമെന്റ് പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾ പാസാക്കുന്നതിനായി വിളിച്ചുചേർത്ത പാർലമെന്റിന്റെ മൂന്ന് ദിവസത്തെ സമ്മേളനത്തിനു മുന്നോടിയായി നടന്ന ‘നാരീ ശക്തി വന്ദൻ’ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ സംവരണ നിയമത്തിന്റെ നടപ്പാക്കൽ ഭൂതകാലത്തിന്റെ കാഴ്ചപ്പാടുകളെ യാഥാർഥ്യമാക്കുകയും ഭാവിയിലെ തീരുമാനങ്ങൾ നിറവേറ്റുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘‘നമ്മുടെ രാജ്യത്തിന്റെ പാർലമെന്റ് ഒരു പുതിയ ചരിത്രം സൃഷ്ടിക്കാൻ പോവുകയാണ്. ഭൂതകാലത്തിന്റെ കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കുന്ന, ഭാവിയിലെ തീരുമാനങ്ങൾ നിറവേറ്റുന്ന ഒരു പുതിയ ചരിത്രം. സാമൂഹികനീതി വെറുമൊരു മുദ്രാവാക്യം മാത്രമല്ല. സമത്വപൂർണമായ ഒരു ഇന്ത്യയ്ക്കായുള്ള ദൃഢനിശ്ചയമാണിത്. സംസ്ഥാന നിയമസഭകൾ മുതൽ രാജ്യത്തിന്റെ പാർലമെന്റ് വരെ ദശകങ്ങളായുള്ള കാത്തിരിപ്പിനു വിരാമമിടാനുള്ള സമയം ഏപ്രിൽ 16, 17, 18 തീയതികളാണ്. ഭേദഗതികൾ പരിഗണിക്കുന്നതിനും പാസാക്കുന്നതിനുമായി ബജറ്റ് സമ്മേളനം നീട്ടിയിട്ടുണ്ട്.
2023ൽ പുതിയ പാർലമെന്റിൽ നാരീശക്തി വന്ദൻ നിയമത്തിന്റെ രൂപത്തിൽ നമ്മൾ ആദ്യ ചുവടുവയ്പ്പ് നടത്തി. നമ്മുടെ രാഷ്ട്രത്തിന്റെ വികസന യാത്രയിലെ സുപ്രധാനമായ ഈ നാഴികക്കല്ലുകൾക്കിടയിൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്ന് എടുക്കുന്നതിന്റെ അരികിലാണ് ഇന്ത്യ ഇപ്പോൾ നിൽക്കുന്നത്. വളരെ ഉത്തരവാദിത്തത്തോടെയാണ് ഞാൻ ഇത് പറയുന്നത്, ഈ തീരുമാനം നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരിക്കും. സ്ത്രീ ശാക്തീകരണത്തിനായി സമർപ്പിക്കപ്പെട്ട ഒരു തീരുമാനമാണിത്. സ്ത്രീശക്തിക്കും ആദരവിനുമുള്ള യഥാർഥ ആദരവാണിത്. നിയമനിർമാണ സഭകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായി ഈ നിയമം മാറും.’’ – പ്രധാനമന്ത്രി പറഞ്ഞു.
വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾ പാസാക്കുന്നതോടെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 816 ആയി വർധിക്കും. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ ഇത് നടപ്പിലാക്കും. അതിനാലാണ് നിയമഭേദഗതികൾ പാസാക്കുന്നതിനായി സർക്കാർ പ്രത്യേക സമ്മേളനം നടത്തുന്നത്.
