ദുൽഖർ സൽമാൻ നിർമ്മാണം വഹിച്ച ‘ലോക’ എന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ്. ആഗോളതലത്തിൽ 300 കോടിയിലധികം രൂപ നേടി നിരവധി റെക്കോർഡുകൾ തകർത്ത ഈ ബിഗ് ബജറ്റ് ഫാന്റസി ചിത്രം, കണ്ട പ്രേക്ഷകർ നിരവധി ‘ബ്രില്ല്യൻസ്’ ഘടകങ്ങൾ കണ്ടെത്തിയതിൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഇപ്പോഴും ചർച്ചയാണ്.
‘ചാത്തൻ’ കഥാപാത്രങ്ങളുടെ ബന്ധം
ഏറ്റവും പുതിയതായി വൈറലായിരിക്കുന്നത്, മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന സിനിമയുമായുള്ള ബന്ധമാണ്. സിനിമയുടെ ക്ലൈമാക്സിനോട് അടുക്കുമ്പോൾ ടൊവിനോയുടെ കഥാപാത്രം നസ്‌ലെന്റെ കൂട്ടരുമായി ഒരു കഫേയിലേക്ക് വരുന്ന രംഗമുണ്ട്. കഫേയിലേക്ക് കയറുമ്പോൾ ടൊവിനോ ‘ആലിപ്പഴം പെറുക്കാൻ’ എന്ന പാട്ട് മൂളുന്നുണ്ട്. ഇത് 1984-ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ 3D ചിത്രമായ ‘മൈ ഡിയർ കുട്ടിച്ചാത്തനിലെ’ പ്രശസ്ത ഗാനമാണ്. ‘മൈ ഡിയർ കുട്ടിച്ചാത്തനി’ലെ നായകൻ ഒരു ചാത്തനായതുപോലെ, ‘ലോക’യിലെ ടൊവിനോയുടെ കഥാപാത്രവും ഒരു ചാത്തൻ ആണ്. ഈ സൂക്ഷ്മമായ റഫറൻസ് തിയേറ്ററിൽ വെച്ചുതന്നെ ശ്രദ്ധിച്ചെന്ന് നിരവധി പ്രേക്ഷകർ കമൻ്റ് ചെയ്യുന്നുണ്ട്.
‘ലോക’യിലെ മറ്റൊരു ശ്രദ്ധേയമായ ബ്രില്ല്യൻസ് നേരത്തെയും വൈറലായിരുന്നു. നസ്‌ലെന്റെ കഥാപാത്രത്തിന്റെ അച്ഛൻ ഒരു സീനിൽ ഏത് കമ്പനിയുടെ ഇൻ്റർവ്യൂവിനാണ് പോകുന്നതെന്ന് ഫോണിലൂടെ ചോദിക്കുമ്പോൾ, നസ്‌ലെൻ ‘ബ്രിട്ടോളി ലിമിറ്റഡ്’ എന്ന് പറയുന്നു. ഇത് 1995-ൽ പുറത്തിറങ്ങിയ മുകേഷ് ചിത്രമായ ‘ശിപ്പായി ലഹള’യുടെ റഫറൻസ് ആണ്. ആ ചിത്രത്തിൽ ബ്രിട്ടോളി ലിമിറ്റഡിലെ പ്യൂൺ ആണ് മുകേഷിൻ്റെ കഥാപാത്രമായ രാജേന്ദ്രൻ.
അഞ്ച് ഭാഗങ്ങൾ ഉൾക്കൊള്ളുന്ന വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമാണ് ‘ലോക’. ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷങ്ങളും ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ തുടങ്ങിയവരുടെ പ്രകടനവും സിനിമയുടെ ഹൈലൈറ്റാണ്. ചിത്രം നിലവിൽ ജിയോ സിനിമയിൽ സ്ട്രീം ചെയ്യുന്നുണ്ട്.
