ടി20 ലോകകപ്പിൽ ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം അനിശ്ചിതത്വത്തിൽ. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് മാറ്റി പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയ ഐസിസിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ ഈ കടുത്ത നീക്കത്തിന് ഒരുങ്ങുന്നത്. ടൂർണമെന്റിലെ മറ്റ് മത്സരങ്ങളിൽ പങ്കെടുത്താലും ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്കരിക്കാനാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നത്.
ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിലൂടെ ഐസിസിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനാണ് പിസിബിയുടെ നീക്കം. ടൂർണമെന്റിൽ നിന്ന് പൂർണ്ണമായി പിന്മാറിയാൽ ഐസിസിയിൽ നിന്ന് കടുത്ത അച്ചടക്ക നടപടികൾ നേരിടേണ്ടി വരുമെന്ന ഭയത്താലാണ് ഇന്ത്യക്കെതിരായ മത്സരം മാത്രം ഒഴിവാക്കുന്നതിനെക്കുറിച്ച് ബോർഡ് ചർച്ച ചെയ്യുന്നത്. മത്സരത്തിൽ നിന്നുള്ള വരുമാനം ഇന്ത്യക്ക് ലഭിക്കരുതെന്ന വാദവും പിസിബി യോഗത്തിൽ ഉയർന്നിട്ടുണ്ട്.
ബംഗ്ലാദേശിനോടുള്ള ഐസിസിയുടെ നിലപാടിൽ പാകിസ്ഥാൻ സർക്കാരും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടൂർണമെന്റിലേക്ക് ടീമിനെ അയക്കാൻ പാക് സർക്കാർ ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല. സുരക്ഷാ ആശങ്കകൾ ഉന്നയിക്കുന്ന മറ്റ് രാജ്യങ്ങളുടെ അവകാശങ്ങൾ ഐസിസി അവഗണിക്കുകയാണെന്നും ഇന്ത്യക്ക് മാത്രമാണ് പ്രത്യേക പരിഗണന നൽകുന്നതെന്നും പാക് ക്രിക്കറ്റ് ബോർഡ് വൃത്തങ്ങൾ ആരോപിച്ചു. ലോകകപ്പിനുള്ള പാക് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നുവെങ്കിലും നിലവിലെ സാഹചര്യം ടൂർണമെന്റിന്റെ ആവേശം കെടുത്തിയിരിക്കുകയാണ്.
