New-Project-5-680x450.jpg

വിവാദങ്ങളിലൂടെ ശ്രദ്ധേയനായ അന്താരാഷ്ട്ര യൂട്യൂബർ ഡാരൻ ജാമി വാട്കിൻസ് ജൂനിയർ, അഥവാ ഐഷോ സ്പീഡിന് അടുത്തിടെ തായ്‌ലൻഡിൽവെച്ച് നേരിട്ട വിചിത്രമായ ഒരനുഭവമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാവിഷയം. തത്സമയ സ്ട്രീമിങ്ങിനിടെ, തമിഴ് സൂപ്പർതാരം വിജയിയുടെ ചില ആരാധകരുടെ വിചിത്രമായ പെരുമാറ്റം സ്പീഡിനെ അമ്പരപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു.

തായ്ലൻഡിൽ ഒരു ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയാണ് സംഭവം. കാറിൽ സഞ്ചരിക്കുകയായിരുന്ന സ്പീഡിനെ പിന്തുടർന്ന് ബൈക്കിലെത്തിയ രണ്ട് പേർ അദ്ദേഹത്തിന് നേരെ തമിഴ് സൂപ്പർതാരം വിജയിയുടെ പേരും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൻ്റെ ചുരുക്കപ്പേരായ ‘ടിവികെ’ എന്നും ആവർത്തിച്ച് അലറി വിളിച്ചു. ആരാധകർ എന്താണ് സംസാരിക്കുന്നതെന്ന് മനസ്സിലാകാതെ സ്പീഡ് കുഴങ്ങി.

ലൈവ് സ്ട്രീമിനിടെ ആരാധകരിൽ ഒരാൾ താൻ ധരിച്ച ഷൂ ഊരി നൽകിയതുൾപ്പെടെയുള്ള വിചിത്രമായ സംഭവങ്ങൾ നേരത്തെയും സ്പീഡിന് നേരിടേണ്ടി വന്നിരുന്നു. ഇതിനുപിന്നാലെയാണ് ബൈക്കിലെത്തിയ രണ്ട് പേർ കാറിനടുത്തെത്തി ‘ടിവികെ, ടിവികെ’ എന്ന് ആക്രോശിക്കാൻ തുടങ്ങിയത്. സ്പീഡ് സംശയം പ്രകടിപ്പിച്ചപ്പോൾ, അവർ “വിജയ്, ദളപതി വിജയ്” എന്ന് മറുപടി നൽകി.

ആരാധകരുടെ പെരുമാറ്റത്തിൽ ആകെ ആശയക്കുഴപ്പത്തിലായ യൂട്യൂബർ, “അവർ എന്താണ് പറയുന്നത്?” എന്ന് ചോദിക്കുകയും അവർ പറഞ്ഞ പേരുകൾ ഉച്ചരിക്കാൻ ശ്രമിക്കുകയും ചെയ്തു. “ഇവിടെ എന്താണ് നടക്കുന്നതെന്ന് എനിക്കറിയില്ല” എന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു.

വീണ്ടും അരികിലെത്തിയപ്പോൾ, ആരാധകർ സംസാരിക്കുന്നത് എന്താണെന്ന് ക്ഷമയോടെ വീണ്ടും ചോദിച്ചപ്പോൾ “വിജയ്, വിജയ്, സൗത്ത് ഇന്ത്യൻ നടൻ” എന്ന് അവർ മറുപടി നൽകി. എന്നിട്ടും സ്പീഡിന് അവരെ മനസ്സിലാക്കാൻ സാധിക്കാതെ വന്നപ്പോൾ, ആരാധകർ തമാശരൂപേണ സ്പീഡിനെ ‘ഇന്ത്യയുടെ മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഒടുവിൽ സ്പീഡ് അവിടെനിന്ന് പോകാൻ ശ്രമിക്കുമ്പോൾ, തങ്ങളോടൊപ്പം ബൈക്ക് യാത്രയ്ക്ക് വരണമെന്ന് അവർ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ യൂട്യൂബർ ഈ ആവശ്യം സൗമ്യമായി നിരസിച്ചു.

വിജയ് ആരാധകരുടെ ഈ പെരുമാറ്റം സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിതെളിച്ചു. എക്സിൽ (മുമ്പ് ട്വിറ്റർ) നിരവധി പേരാണ് ഇതിനെതിരെ പ്രതികരിച്ചത്. ഒരു ഉപയോക്താവ് “നടൻ വിജയ് വീണ്ടും ഒരു അന്താരാഷ്ട്ര ട്രോൾ മെറ്റീരിയലായി മാറിയിരിക്കുന്നു” എന്ന് കുറിച്ചു. “വിജയ് ഇന്ത്യയുടെ മുഖ്യമന്ത്രിയോ?” എന്ന് മറ്റൊരാൾ കളിയാക്കി. എങ്കിലും, സ്പീഡ് മുമ്പ് വിജയിയുടെ ‘ലിയോ’ സിനിമ കണ്ട് അദ്ദേഹത്തെ പ്രശംസിച്ചിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടി ചില വിജയ് ആരാധകർ ഈ ചർച്ചകളെ പ്രതിരോധിക്കാനെത്തി.

വെങ്കട്ട് പ്രഭുവിന്റെ ‘ദി ഗോട്ട്’ എന്ന ചിത്രത്തിലാണ് വിജയ് അവസാനമായി പ്രത്യക്ഷപ്പെട്ടത്. എച്ച്. വിനോദിന്റെ പൊങ്കൽ റിലീസായ ‘ജന നായകൻ’ എന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവർക്കൊപ്പമാണ് വിജയ് അടുത്തതായി അഭിനയിക്കുന്നത്. തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രമായിരിക്കും ഇതെന്ന് പറയപ്പെടുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *