‘ഹാൽ’ സിനിമയുടെ സെൻസർ ബോർഡ് നിർദ്ദേശങ്ങൾക്കെതിരായ അണിയറ പ്രവർത്തകരുടെ ഹർജിയിൽ ഹൈക്കോടതി വിധി പറയുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി. സിനിമ ‘ലക്ഷ്മണ രേഖ ലംഘിച്ചു’ എന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തങ്ങൾക്ക് ബാധ്യതയുണ്ടെന്നും സെൻസർ ബോർഡ് ഹൈക്കോടതിയിൽ വാദിച്ചു. എന്നാൽ, സിനിമ ആശങ്കപ്പെടുത്തുന്നത് എങ്ങനെയാണെന്ന് കോടതി സെൻസർ ബോർഡിനോട് തിരിച്ച് ചോദിച്ചു.
വാദം കേൾക്കുന്നതിനിടെ സെൻസറിംഗ് അതോറിറ്റിയുടെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതി സുപ്രധാനമായ സംശയങ്ങൾ ഉന്നയിച്ചു. ആശങ്കയുടെ അടിസ്ഥാനത്തിൽ എങ്ങനെ സിനിമയിലെ രംഗങ്ങൾ ഒഴിവാക്കാനാകുമെന്നും ആശങ്കപ്പെടുത്തുന്നു എന്ന കാരണം സെൻസറിംഗിന് അടിസ്ഥാനമാണോയെന്നും കോടതി ചോദിച്ചു. കൂടാതെ, വ്യത്യസ്ത വേഷത്തിൽ വരുന്നത് എങ്ങനെ മതപരമാകുമെന്നും മതസ്ഥാപനത്തിൻ്റെ പേര് പ്രദർശിപ്പിക്കുന്നതിന് എന്താണ് തടസമെന്നും ഹൈക്കോടതി ആരാഞ്ഞു.
‘ഹാൽ’ സിനിമ പൊതുക്രമം പാലിക്കുന്നില്ലെന്നും, ചിത്രം ലവ് ജിഹാദിനെ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്നും സെൻസർ ബോർഡ് കോടതിയിൽ കുറ്റപ്പെടുത്തി. ‘ധ്വജപ്രണാമം’, ‘സംഘം കാവൽ ഉണ്ട്’ തുടങ്ങിയ പരാമർശങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, സിനിമ മതസൗഹാർദ്ദം തകർക്കുന്നതാണെന്ന് ആരോപിച്ച് കത്തോലിക്കാ കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകളും കേസിൽ കക്ഷി ചേർന്ന് വിശദമായ വാദം നടത്തി.
