<strong>വാഷിംഗ്ടൺ</strong> : ഫിഫ ലോകകപ്പ് ഫൈനൽ വിജയിയെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനം. കിരീടം ഉയർത്തുന്ന ടീമിന് ഫിഫ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 50 മില്യൺ ഡോളറാണ് കിട്ടുക. ഇന്ത്യൻ രൂപയിൽ ഏകദേശം 415 കോടി രൂപ സമ്മാനത്തുകയായി ലഭിക്കും. 2022-ൽ അർജന്റീനയ്ക്ക് ലഭിച്ചതിനേക്കാൾ 8 മില്യൺ ഡോളർ അധികമാണിത്.
ഫൈനലില്‍ തോറ്റ് രണ്ടാം സ്ഥാനക്കാരാവുന്ന ടീമിന് 33 മില്യൺ ഡോളര്‍ ലഭിക്കും. ഏകദേശം 274 കോടി ഇന്ത്യൻ രൂപയാണ് വരിക. കഴിഞ്ഞ ലോകകപ്പിനെക്കാള്‍ 3 മില്യൺ ഡോളറിന്‍റെ വർധനവാണ് ഫിഫ രണ്ടാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനത്തുകയില്‍ വരുത്തിയത്.
സെമിയില്‍ തോറ്റ് പുറത്തായ ഇംഗ്ലണ്ട് ലൂസേഴ്സ് ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പിച്ച് മൂന്നാം സ്ഥാനക്കാരായിരുന്നു. മൂന്നാം സ്ഥാനത്തെത്തിയ ഇംഗ്ലണ്ടിന് 29 മില്യൺ ഡോളര്‍ (ഏകദേശം 240 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്.സെമിയില്‍ സ്പെയിനിനോടും ലൂസേഴ്സ് ഫൈനലില്‍ ഇംഗ്ലണ്ടിനോടും തോറ്റ് നാലാം സ്ഥാനത്തായെങ്കിലും കിലയന്‍ എംബാപ്പെയുടെ ഫ്രാന്‍സിന് 27 മില്യൺ ഡോളര്‍ (എകദേശം 224 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും.
