റീജിയണൽ സിനിമകളാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാകുന്നതെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. ചെന്നൈയിൽ നടന്ന ‘ജിയോ ഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് പ്രാദേശിക സിനിമകൾ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് എത്തിച്ചേരുന്നുണ്ടെന്ന് കമൽ ഹാസൻ അഭിപ്രായപ്പെട്ടു.
“റീജിയണൽ സിനിമകളാണ് ഇപ്പോൾ ശരിക്കും ഇൻ്റർനാഷണലുകളാകുന്നത്. മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും മചിലിപട്ടണത്തിലും നിന്ന് വരുന്ന സിനിമകളാണ് യഥാർഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ,” കമൽ ഹാസൻ പറഞ്ഞു. കന്നഡയിലെ ‘കാന്താര’ ദക്ഷിണ കർണാടകയുടെ വേരുകളിൽ ആഴ്ന്നിറങ്ങി രാജ്യത്തെ മുഴുവൻ ആവേശത്തിലാഴ്ത്തി. മലയാളത്തിലെ മിസ്റ്ററി ത്രില്ലറായ ‘ദൃശ്യം’ ഭാഷാ അതിർത്തികൾ അനായാസം താണ്ടി. കൂടാതെ, ‘പുഷ്പ’, ‘ബാഹുബലി’ പോലുള്ള തെലുങ്ക് ചിത്രങ്ങളിലെ ഡയലോഗുകൾ മുംബൈ മുതൽ മലേഷ്യ വരെ നിത്യോപയോഗ വാക്കുകളായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കമൽ ഹാസൻ്റെ പുതിയ പ്രൊജക്റ്റുകളെക്കുറിച്ചുള്ള ചർച്ചകളും തമിഴ് സിനിമാ ലോകത്ത് സജീവമാണ്. മണി രത്നം സംവിധാനം ചെയ്ത ‘തഗ് ലൈഫ്’ ആയിരുന്നു താരത്തിൻ്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. കൂടാതെ, വർഷങ്ങൾക്കുശേഷം രജനികാന്ത്-കമൽ ഹാസൻ കൂട്ടുകെട്ട് ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. സുന്ദർ സി ആയിരുന്നു ആദ്യം ഈ ചിത്രം സംവിധാനം ചെയ്യാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ അദ്ദേഹം പിന്മാറിയതിനെ തുടർന്ന്, ‘പാർക്കിങ്ങ്’ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാര ജേതാവായ രാംകുമാർ ബാലകൃഷ്ണനും ‘കുരങ്ങു ബൊമ്മൈ’, ‘മഹാരാജ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിതിലൻ സാമിനാഥനും ചിത്രത്തിൻ്റെ സംവിധായക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
