ടെലികോം രംഗത്ത് പ്രതാപം തിരിച്ചുപിടിക്കാൻ ലക്ഷ്യമിടുന്ന പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ. പുതിയ റീചാർജ് ഓഫർ പ്രഖ്യാപിച്ചു. ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ആർക്കെങ്കിലും ബി.എസ്.എൻ.എൽ. സെൽഫ് കെയർ ആപ്പ് വഴി 199-നോ അതിൽ കൂടുതലോ റീചാർജ് ചെയ്തു നൽകിയാൽ, 2.5 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. എത്ര തവണ റീചാർജ് ചെയ്താലും ഈ ആനുകൂല്യം ലഭിക്കുമെന്നും, ഈ പ്രത്യേക റീചാർജ് ഓഫർ നവംബർ 18 വരെ ലഭ്യമായിരിക്കുമെന്നും ബി.എസ്.എൻ.എൽ. കേരള സർക്കിൾ അറിയിച്ചു.
ഈ കിഴിവ് ഓഫറിന് പുറമെ, ദീപാവലി സമ്മാനമായി ഒരു രൂപ മാത്രം വിലയുള്ള ഒരു പ്രൊമോഷണൽ പ്ലാൻ ബി.എസ്.എൻ.എൽ. പുതിയ വരിക്കാർക്കായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ പ്ലാനിൽ 30 ദിവസത്തെ വാലിഡിറ്റിയിൽ പരിധിയില്ലാത്ത വോയിസ് കോളുകളും (ലോക്കൽ/എസ്‌ടിഡി) പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും. മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എം.എൻ.പി.) വഴി വരുന്നവർ ഉൾപ്പെടെയുള്ള പുതിയ ഉപഭോക്താക്കൾക്ക് നവംബർ 15 വരെ ഈ പ്ലാൻ ലഭ്യമാണ്. 4ജി വിന്യാസത്തിന്റെ പശ്ചാത്തലത്തിൽ ബി.എസ്.എൻ.എല്ലിലേക്ക് ചേരുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. 2025 സെപ്റ്റംബറിൽ മാത്രം 524,014 പുതിയ വരിക്കാരെയാണ് നെറ്റ്‌വർക്കിലേക്ക് ചേർത്തത്.
ബി.എസ്.എൻ.എൽ. അതിന്റെ നെറ്റ്‌വർക്ക് ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇക്കഴിഞ്ഞ സെപ്റ്റംബർ 27-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 92,564 ‘മെയ്ഡ് ഇൻ ഇന്ത്യ’ 4ജി ടവറുകൾ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി, വരുന്ന ആറു മുതൽ എട്ട് മാസത്തിനുള്ളിൽ ബി.എസ്.എൻ.എൽ. 4ജി ടവറുകൾ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 4ജി പോലെതന്നെ, തദ്ദേശീയമായി വികസിപ്പിച്ച 5ജി സാങ്കേതികവിദ്യയിലാണ് ബി.എസ്.എൻ.എൽ. 5ജി സേവനങ്ങൾ രാജ്യത്ത് ഒരുക്കുക. ഇത് ഉപഭോക്തൃ അടിത്തറ വർദ്ധിപ്പിക്കാനും മികച്ച സേവനം നൽകാനും സഹായിക്കുമെന്നാണ് പ്രതീക്ഷ.
