Home » Blog » Kerala » റിഷഭ് പന്ത് എൽ.എസ്.ജിയിൽ തന്നെ; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സഞ്ജീവ് ഗോയങ്ക.
images - 2026-03-23T202948.093

റിഷഭ് പന്ത് ലഖ്നൗ ടീം വിടുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വെറും അടിസ്ഥാനരഹിതമാണെന്ന് ടീം ഉടമ സഞ്ജീവ് ഗോയങ്ക വ്യക്തമാക്കി. 2025 സീസണിൽ 27 കോടി രൂപ എന്ന റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിയ പന്തിന് 14 മത്സരങ്ങളിൽ നിന്ന് 269 റൺസ് മാത്രമേ നേടാനായുള്ളൂ എന്നതും ടീം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഈ തകർച്ചയ്ക്ക് പന്തിനെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നാണ് ഗോയങ്കയുടെ നിലപാട്.

പ്രധാനപ്പെട്ട നാല് ഫാസ്റ്റ് ബൗളർമാർ പരിക്കേറ്റ് പുറത്തിരുന്ന സാഹചര്യത്തിൽ ഒരു ക്യാപ്റ്റന് പരിമിതികളുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലഭ്യമായ സാഹചര്യങ്ങളിൽ പന്ത് മികച്ച രീതിയിൽ തന്നെ ടീമിനെ നയിച്ചുവെന്നും, വരാനിരിക്കുന്ന 2026 സീസണിലും പന്തിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ഗോയങ്ക കൂട്ടിച്ചേർത്തു. ഇത്തരം ട്രോളുകളെയും വിമർശനങ്ങളെയും താൻ ചിരിയോടെയാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലേലത്തിൽ സംഭവിച്ച പിഴവുകൾ തുറന്നുസമ്മതിച്ച ഗോയങ്ക, ഇത്തവണ കൂടുതൽ കരുത്തുറ്റ ഒരു നിരയെയാണ് വാർത്തെടുത്തിരിക്കുന്നത്. ആന്റിച്ച് നോർക്കിയയെയും ജോഷ് ഇംഗ്ലീസിനെയും കുറഞ്ഞ തുകയ്ക്ക് സ്വന്തമാക്കിയത് ടീമിന് വലിയ നേട്ടമായി അദ്ദേഹം കാണുന്നു. കൂടാതെ ട്രേഡ് വഴി മുഹമ്മദ് ഷാമിയെയും അർജുൻ ടെണ്ടുൽക്കറെയും ടീമിലെത്തിച്ചതോടെ ലഖ്നൗവിന്റെ ബൗളിംഗ് നിര കൂടുതൽ ശക്തമായിട്ടുണ്ട്. നിക്കോളാസ് പൂരൻ, മിച്ചൽ മാർഷ്, മായങ്ക് യാദവ് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം പന്ത് നയിക്കുന്ന ലഖ്നൗ അടുത്ത സീസണിൽ വലിയ പ്രതീക്ഷയിലാണ്.