Home » Blog » Kerala » റിപ്പബ്ലിക് ദിനത്തിലും എത്തില്ല, വിജയ് ചിത്രം ജനനായകൻ’ പ്രതിസന്ധിയിൽ
JANANAYAKAN-680x450

വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിൽ 27-ന് വിധി വരും. പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം റിപ്പബ്ലിക് ദിന അവധിയിലും തിയേറ്ററുകളിലെത്തില്ലെന്ന് ഉറപ്പായതോടെ ആരാധകർ വലിയ നിരാശയിലാണ്. ചിത്രത്തിന് പ്രദർശനാനുമതി നൽകുന്ന കാര്യത്തിൽ കോടതിയുടെ അവസാന തീരുമാനത്തിനായി സിനിമാലോകം ഉറ്റുനോക്കുകയാണ്.

നേരത്തെ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും ഡിവിഷൻ ബെഞ്ച് അത് സ്റ്റേ ചെയ്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതോടെ പലയിടങ്ങളിലും തുടങ്ങിയ മുൻകൂർ ബുക്കിംഗ് റദ്ദാക്കുകയും ടിക്കറ്റ് തുക മടക്കി നൽകുകയും ചെയ്തു. തമിഴ് പതിപ്പിന്റെ സർട്ടിഫിക്കേഷൻ പൂർത്തിയാകാത്തതിനാൽ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകളുടെ റിലീസും വൈകുകയാണ്. രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായുള്ള വിജയ്‌യുടെ അവസാന ചിത്രമായതിനാൽ വലിയ പ്രധാന്യമാണ് ഈ സിനിമയ്ക്കുള്ളത്.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’, തെലുങ്ക് ചിത്രമായ ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണെന്നാണ് സൂചനകൾ. ബോബി ഡിയോൾ, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം കെ.വി.എൻ പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. ആദ്യ ദിനം മുതൽ ബോക്‌സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്ന ഈ ചിത്രം നിയമതടസ്സങ്ങൾ നീങ്ങി ഉടൻ തന്നെ ആരാധകരിലേക്ക് എത്തുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.