Home » Blog » Kerala » റഷ്യ- യുക്രൈൻ യുദ്ധം: ഇതുവരെ പത്ത് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടു; ഇവർ സ്വയം റഷ്യൻ സേനയിൽ ചേർന്നവർ – കേന്ദ്രം സുപ്രിം കോടതിയിൽ
21

ന്യൂഡൽഹി: റഷ്യ- യുക്രൈൻ യുദ്ധത്തിൽ ഇതുവരെ പത്ത് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. റഷ്യൻ സേനയുടെ ഭാഗമായി യുദ്ധത്തിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടതെന്നും കേന്ദ്രം കോടതിയിൽ സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കുന്നു. റഷ്യയിലേക്ക് പോയ തങ്ങളുടെ ബന്ധുക്കളെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കുടുംബങ്ങൾ നൽകിയ ഹർജി പരിഗണിച്ച സാഹചര്യത്തിലാണ് സർക്കാർ ഈ വിവരങ്ങൾ ഔദ്യോഗികമായി അറിയിച്ചത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്വന്തം ഇഷ്ടപ്രകാരം റഷ്യൻ സേനയുമായി കരാറിൽ ഏർപ്പെട്ടവരാണെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം. റഷ്യൻ സൈന്യത്തിൽ സഹായികളായും മറ്റും ചേർന്ന ഇവർ പിന്നീട് യുദ്ധമുഖത്തെത്തുകയായിരുന്നു. യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നയതന്ത്ര ചർച്ചകൾ തുടരുകയാണെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു.

2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ – യുക്രെയ്ൻ യുദ്ധം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. 4 വ‍ർഷം കഴിഞ്ഞിട്ടും യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധത്തിൽ ശാശ്വത സമാധാനം ഉറപ്പാക്കാനായിട്ടില്ല. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ നേതൃത്വത്തിലടക്കം ചർച്ചകൾ നടന്നെങ്കിലും ഇരുപക്ഷവും നിലപാട് കടുപ്പിച്ചതോടെ യുദ്ധം മുറുകുകയായിരുന്നു. അതിനിടെ കഴിഞ്ഞ ആഴ്ച, ഓർത്തഡോക്സ് ഈസ്റ്ററിനോടനുബന്ധിച്ചുള്ള വെടിനിർത്തൽ കരാർ നിലനിൽക്കെ യുക്രൈനിൽ റഷ്യയുടെ അതിശക്തമായ മിസൈൽ – ഡ്രോൺ ആക്രമണം നടന്നിരുന്നു.