ദളപതി വിജയ്യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജനനായകൻ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് മലേഷ്യയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പരിപാടിയിൽ രാഷ്ട്രീയ പരാമർശങ്ങൾ പാടില്ലെന്നും, നിർദേശങ്ങൾ ലംഘിച്ചാൽ ചടങ്ങ് നിർത്തിവയ്ക്കുമെന്നും മലേഷ്യൻ സർക്കാർ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകളുണ്ട്.
ഒരു രാഷ്ട്രീയ പൊളിറ്റിക്കൽ കമേഷ്യൽ എന്റർടെയ്നറായി ഒരുങ്ങുന്ന ജനനായകൻ, രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഡിസംബർ 28ന് മലേഷ്യയിലെ ക്വാലാലംപൂരിൽ നടക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പരിപാടി സിനിമയുടെ പ്രചാരണത്തിന് മാത്രമായി പരിമിതപ്പെടുത്തണമെന്നും, വേദിയിൽ സംസാരിക്കുന്നവർ രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിക്കരുതെന്നും മലേഷ്യന് സര്ക്കാര് നിർദേശിച്ചിട്ടുണ്ട്. വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴ് വെട്രി കഴകത്തിന്റെ പതാകകൾ, ചിഹ്നങ്ങൾ, അതുമായി ബന്ധപ്പെട്ട ടി-ഷർട്ടുകൾ എന്നിവ ധരിച്ച് ചടങ്ങിൽ പങ്കെടുക്കുന്നതിനും വിലക്കുണ്ടെന്നാണ് വിവരം.
സമീപകാലത്ത് വിജയ് നടത്തിയ രാഷ്ട്രീയ യോഗങ്ങളും കരൂരിൽ നടന്ന ദുരന്തവുമാണ് കർശന നിർദേശങ്ങൾക്ക് കാരണമായതെന്നാണ് സൂചന. നിർദേശങ്ങൾ ലംഘിച്ചാൽ പരിപാടി പാതിവഴിയിൽ നിർത്തേണ്ടിവരുമെന്ന മുന്നറിയിപ്പും അധികൃതർ നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. ക്വാലാലംപൂരിലെ ബുക്കിറ്റ് ജലിൽ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക. ഏകദേശം 90,000 പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് വിഭാഗങ്ങളിലായി ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഏകദേശം 2,565 ഇന്ത്യൻ രൂപമുതലാണ് പരിപാടിയുടെ ടിക്കറ്റ് ആരംഭിക്കുന്നന്ത്. 7076.34 രൂപയാണ് ഉയർന്ന ടിക്കറ്റ്. പരിപാടി നടക്കുന്ന പ്രദേശത്ത് മലേഷ്യൻ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
