രാത്രികാല മൊബൈൽ വെറ്ററിനറി യൂണിറ്റ് ഏറ്റുമാനൂരിൽ തുടങ്ങി

 രാത്രികാലങ്ങളിൽ വളർത്തു മൃഗങ്ങൾക്ക് അടിയന്തര ചികിത്സ ആവശ്യമാണോ? എങ്കിൽ 1962 എന്ന് ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കൂ. ചികിത്സ വീട്ടുമുറ്റത്ത് ലഭിക്കും. ജില്ലയിലെ ആദ്യ രാത്രികാല മൊബൈൽ വെറ്ററിനറി യൂണിറ്റ് ഏറ്റുമാനൂരിലെ സർക്കാർ വെറ്ററിനറി ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. വൈകിട്ട് ആറുമുതൽ പുലർച്ചെ അഞ്ചു വരെയാണ് പ്രവർത്തനം. ഒരു ഡോക്ടറുടെയും അറ്റൻഡറുടെയും സേവനം മൊബൈൽ യൂണിറ്റിലുണ്ടാവും.

ഏറ്റുമാനൂരിനുപുറമേ പള്ളം, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്കും  ഇതിന്റെ സേവനം പ്രയോജനപ്പെടുത്താം. വാഹനത്തിൽ സജ്ജമാക്കിയിട്ടുള്ള ക്യു. ആർ. കോഡ് വഴി കർഷകന് നേരിട്ട് ഫീസ് അടയ്ക്കാം.
റീബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൃഗസംരക്ഷണ വകുപ്പ് ഏറ്റുമാനൂർ ബ്ലോക്ക് കേന്ദ്രീകരിച്ച് മൊബൈൽ വെറ്ററിനറി യൂണിറ്റ് അനുവദിച്ചത്. യൂണിറ്റിന്റെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും  സഹകരണം- തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. സംസ്ഥാന സർക്കാർ മൃഗസംരക്ഷണ വകുപ്പിന് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും അതിന്റെ ഉദാഹരണമാണ് മൊബൈൽ വെറ്ററിനറി യൂണിറ്റ് പോലെയുള്ളവയുടെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷ ലൗലി ജോർജ്, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദീപാ ദാസ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ്, ഏറ്റുമാനൂർ നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അജിത ഷാജി, വാർഡ് അംഗം രശ്മി ശ്യാം, ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. മാത്യു ഫിലിപ്പ്, കാഫ് ഫീഡ് സബ്‌സിഡി പ്രോഗ്രാം അസിസ്റ്റൻറ് ഡയറക്ടർ ഡോ.ജേക്കബ് വർഗീസ്, സീനിയർ വെറ്ററിനറി സർജൻ എം. മഞ്ജു എന്നിവർ പങ്കെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *