രാജ്യത്തിന്റെ പുരോഗതിക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തന്റെ റിപ്പബ്ലിക് ദിന സന്ദേശത്തിൽ ആഹ്വാനം ചെയ്തു. കേന്ദ്രവും സംസ്ഥാനവും ശത്രുക്കളല്ലെന്നും, വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും രാജ്യതാത്പര്യത്തിനായി സൗഹൃദത്തോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിൽ കേരളം രാജ്യത്ത് ഒന്നാമതാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ, പത്മ പുരസ്കാരങ്ങൾ നേടിയ മലയാളികളെ അഭിനന്ദിച്ച ഗവർണർ, വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷൺ നൽകി ആദരിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദി രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ രാഷ്ട്രീയ-സാമൂഹിക സംഭാവനകളെ പ്രശംസിക്കുകയും ചെയ്തു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. നമ്മുടെ നാടിന് എന്ത് വേണമെന്ന് തീരുമാനിക്കാനുള്ള അവസരമാണ് വരാനിരിക്കുന്നത്. അതിനാൽ വോട്ടെടുപ്പിൽ നൂറ് ശതമാനം പോളിങ് ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ പ്രത്യേകം ശ്രദ്ധിക്കണം. മാസങ്ങൾക്കപ്പുറം നിർണ്ണായകമായ ഒരു തീരുമാനം എടുക്കാൻ പോകുന്ന സാഹചര്യത്തിൽ, ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കുചേരാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
