diamond-680x450.jpg

നൂറ്റാണ്ടിലേറെയായി ലോകത്തിന് അജ്ഞാതമായിരുന്ന ഫ്ലോറന്റൈൻ വജ്രം ഒടുവിൽ കണ്ടെത്തി. കാനഡയിലെ ക്യുബെക്കിലുള്ള ഒരു ബാങ്ക് ലോക്കറിൽ ഈ അപൂർവ വജ്രം സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഓസ്ട്രിയയിലെ ഹാബ്സ്ബർഗ് സാമ്രാജ്യത്തിന്റെ അവസാന രാജാവായിരുന്ന ചാൾസ് ഒന്നാമൻ്റെ ഭാര്യ സിറ്റയാണ് ഈ വജ്രം കാനഡയിൽ എത്തിച്ചത്. വജ്രം പുറത്തെടുക്കുന്നതിനെക്കുറിച്ച് സിറ്റ തൻ്റെ മക്കളോട് ഒരു കർശന നിബന്ധന വെച്ചിരുന്നു: “രാജാവ് മരിച്ച് 100 വർഷം കഴിഞ്ഞേ വജ്രം പുറത്തെടുക്കാവൂ.” ആ കാലയളവിനുശേഷം, രാജകുടുംബത്തിലെ ഇപ്പോഴത്തെ അംഗങ്ങൾ കഴിഞ്ഞ ദിവസം ലോക്കർ തുറക്കുകയും നിധി പുറത്തെടുത്ത് പരിശോധിക്കുകയും ചെയ്തു.

ഗോൽക്കൊണ്ട മുതൽ ഓസ്ട്രിയ വരെ

തെലങ്കാനയിലെ ഗോൽക്കൊണ്ടയിൽ നിന്ന് ഖനനം ചെയ്തെടുത്ത ഈ വജ്രത്തിന് ഇന്ത്യയുമായി ഗാഢമായ ബന്ധമുണ്ട്. വിജയനഗര സാമ്രാജ്യത്തിലെ ഒരു രാജാവിൻ്റെ കൈവശമായിരുന്നു ഇത് ആദ്യം ഉണ്ടായിരുന്നത്. പിന്നീട് ഗോവയിലെ പോർച്ചുഗീസ് ഗവർണറായ ലുഡോവികോ കാസ്ട്രോ ഇത് സ്വന്തമാക്കി.

തുടർന്ന് പല കൈകൾ മറിഞ്ഞ്, ഇത് ഫ്രാൻസിലെ ഡ്യൂക്കായ ചാൾസ് ദ ബോൾഡിൻ്റെ കൈവശമെത്തി. 1477-ൽ നാൻസി യുദ്ധത്തിൽ ചാൾസ് കൊല്ലപ്പെട്ടതിനുശേഷം വജ്രം ഇറ്റലിയിലെയും ഫ്രാൻസിലെയും പല രാജാക്കന്മാരുടെ കയ്യിലായി. ഒടുവിൽ, ഓസ്ട്രിയയിലെ മരിയ തെരേസ ചക്രവർത്തിനിയുടെ സ്വന്തമായി ഇത് മാറുകയായിരുന്നു.

ഒന്നാം ലോകയുദ്ധത്തിൽ കടുത്ത തിരിച്ചടി നേരിട്ടതോടെ, 1918-ൽ ഓസ്ട്രിയൻ സാമ്രാജ്യം തകർന്നു. ഈ നിർണായക ഘട്ടത്തിൽ, ചാൾസ് ഒന്നാമൻ്റെ നിർദേശപ്രകാരം അനന്തരാവകാശികൾ വജ്രം സ്വിറ്റ്സർലൻഡിലെത്തിച്ചു. അതിനുശേഷം വജ്രത്തിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ലോകത്തിന് അറിവുണ്ടായിരുന്നില്ല. നൂറ്റാണ്ടിന്റെ നിബന്ധനയ്ക്ക് ശേഷമാണ് ലോകം വീണ്ടും ഫ്ലോറന്റൈൻ വജ്രത്തെക്കുറിച്ച് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *