മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ജയറാം-കാളിദാസ് ജയറാം കൂട്ടുക്കെട്ട് വീണ്ടും വെള്ളിത്തിരയിലേക്ക്. 23 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. കുടുംബബന്ധങ്ങളുടെ തീവ്രതയും നർമ്മവും കലർന്ന ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നറായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഫെബ്രുവരി ആറിന് ചിത്രം തിയേറ്ററുകളിലെത്തും.
‘ഒരു വടക്കൻ സെൽഫി’ക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ്. ജൂഡ് ആന്റണി തന്നെയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും. ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ക്ക് ശേഷം ജയറാമും കാളിദാസും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണിത്. ആശാ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, രമേശ് പിഷാരടി, കുഞ്ചൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സനൽ ദേവ് സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു.
