തമിഴ് താരം കരുണാസിന്റെ മകൻ കെൻ കരുണാസ് ആദ്യമായി സംവിധാനം ചെയ്ത് നായകനായെത്തിയ “യൂത്ത്” കേരളത്തിലെ തീയേറ്ററുകളിൽ വിജയകരമായി രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചു. മാർച്ച് 19-ന് വലിയ ചിത്രങ്ങൾക്കൊപ്പം റിലീസ് ചെയ്തിട്ടും, പ്രേക്ഷകരുടെ വമ്പൻ പിന്തുണയോടെ ചിത്രം ബ്ലോക്ക്ബസ്റ്റർ കളക്ഷനാണ് സ്വന്തമാക്കുന്നത്. ഇതിനോടകം തന്നെ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 30.26 കോടി രൂപ ചിത്രം നേടിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് ഈ കൊച്ചു ചിത്രത്തെ പ്രദർശനത്തിനെത്തിച്ചത്.
വയലൻസും രക്തച്ചൊരിച്ചിലും ഇല്ലാത്ത, ആദ്യാവസാനം ചിരിച്ചു ആസ്വദിക്കാവുന്ന പക്കാ എന്റർടൈനർ എന്നതാണ് ഈ ചിത്രത്തിന്റെ വിജയരഹസ്യം. സ്കൂൾ-കോളേജ് കാലഘട്ടത്തിലെ രസകരമായ നിമിഷങ്ങളും സൗഹൃദവും പ്രണയവും കുടുംബബന്ധങ്ങളും കോർത്തിണക്കിയാണ് കെൻ കരുണാസ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫാമിലി ഫൺ, റൊമാന്റിക് കോമഡി വിഭാഗത്തിൽപ്പെടുന്ന ഈ സിനിമ കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ തീയേറ്ററുകളിലേക്ക് ആകർഷിക്കുന്നു.മലയാളികളുടെ പ്രിയതാരം സുരാജ് വെഞ്ഞാറമൂടിന്റെ സാന്നിധ്യം കേരളത്തിലെ വിജയത്തിന് പ്രധാന കാരണമായിട്ടുണ്ട്. നായകനായ കെനിന്റെ അച്ഛനായി സുരാജ് നടത്തുന്ന ഗംഭീര പ്രകടനം ചിത്രത്തിലെ ഏറ്റവും മികച്ച ഭാഗങ്ങളിലൊന്നാണ്. ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ തീയേറ്ററുകളിൽ വലിയ ചിരിയാണ് പടർത്തുന്നത്. മലയാളിയായ അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.
കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച ഈ ചിത്രത്തിന് ജി.വി. പ്രകാശ് കുമാറാണ് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു. പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ്യ സി റാം, സുലോചന കുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച “യൂത്ത്”, വലിയ താരനിരകളില്ലാതെ തന്നെ മികച്ച തിരക്കഥയും അവതരണവും ഉണ്ടെങ്കിൽ പ്രേക്ഷകർ സിനിമയെ നെഞ്ചിലേറ്റും എന്നതിന് തെളിവായി മാറുകയാണ്.
