സംസ്ഥാന യൂത്ത് കോൺഗ്രസിന്റെ പുതിയ നേതൃത്വം ഇന്ന് ചുമതലയേൽക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ ജനീഷും, വർക്കിംഗ് പ്രസിഡന്റായി ബിനു ചുള്ളിയിലുമാണ് സ്ഥാനമേൽക്കുന്നത്. കെപിസിസി ഓഫീസിൽ രാവിലെ 11 മണിക്കാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ്, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. അതേസമയം, വി.ഡി സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ ചുമതലയേൽക്കൽ ചടങ്ങിൽ പങ്കെടുക്കില്ല.
സംസ്ഥാന അധ്യക്ഷൻ ഇല്ലാതിരുന്ന നീണ്ട നാളുകൾക്കൊടുവിലാണ് ഒ.ജെ ജനീഷിനെ ഈ പദവിയിലേക്ക് പ്രഖ്യാപിച്ചത്. നേതാക്കൾക്കിടയിലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളായിരുന്നു യൂത്ത് കോൺഗ്രസിലെ പ്രതിസന്ധിക്ക് കാരണം. ഒടുവിൽ, സമുദായിക സമവാക്യമാണ് ഈഴവ വിഭാഗത്തിൽപ്പെട്ട ജനീഷിന് സംസ്ഥാന അധ്യക്ഷ സ്ഥാനം ലഭിക്കാൻ തുണയായത്. ഷാഫി പറമ്പിലിന്റെ പിന്തുണയും ജനീഷിന് കരുത്തായി.
യൂത്ത് കോൺഗ്രസ് ചരിത്രത്തിൽ ആദ്യമായി വർക്കിംഗ് പ്രസിഡന്റ് എന്ന പദവി സൃഷ്ടിക്കപ്പെട്ടു. കീഴ്വഴക്കങ്ങൾ മറികടന്ന് ബിനു ചുള്ളിയിലിനെ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചത് കെ.സി വേണുഗോപാൽ പക്ഷക്കാരൻ എന്ന മെറിറ്റിലാണെന്ന് വിലയിരുത്തപ്പെടുന്നു.
അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന അബിൻ വർക്കിക്ക് തിരിച്ചടിയായത് കെപിസിസി അധ്യക്ഷൻ, കെ.എസ്.യു അധ്യക്ഷൻ, മഹിളാ കോൺഗ്രസ് അധ്യക്ഷ എന്നിവർ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരാണ് എന്ന കാരണമാണ്. സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതാണ് കെ.എം. അഭിജിത്തിനെ ഒഴിവാക്കാൻ കാരണമായത്. ഇരുവരേയും ദേശീയ സെക്രട്ടറിമാരായി നിയമിച്ചുകൊണ്ട് തർക്കങ്ങൾ ഒഴിവാക്കുകയും ചെയ്തിരുന്നു.
